ഗർഭിണിയായ 
കുട്ടിയുടെ സംരക്ഷണം; ശിശുക്ഷേമസമിതിക്ക്‌ തീരുമാനിക്കാമെന്ന്‌ ഹൈക്കോടതി



 കൊച്ചി, സഹോദരനിൽനിന്ന്‌ ഗർഭിണിയായതിനെ തുടർന്ന്‌ 32 ആഴ്‌ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയ പതിനഞ്ചുകാരിയുടെയും നവജാതശിശുവിന്റെയും സംരക്ഷണം സംബന്ധിച്ച്‌ ഉചിതമായ തീരുമാനമെടുക്കാൻ മലപ്പുറം ജില്ലാ ശിശുക്ഷേമസമിതിയോട്‌ ഹൈക്കോടതി നിർദേശിച്ചു.  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടി, കുട്ടികൾക്കും സ്‌ത്രീകൾക്കുമായുള്ള കേന്ദ്രത്തിന്റെ സംരക്ഷണയിലാണ്‌. പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ അച്ഛനാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. അപേക്ഷ പരിഗണിച്ച്‌, പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉചിതമായ തീരുമാനമെടുത്ത്‌ കോടതിയെ അറിയിക്കാനാണ്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ ഉത്തരവിട്ടത്‌.  ഏഴുമാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് അച്ഛൻ നേരത്തേ  ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സിംഗിൾ ബെഞ്ച്‌ അതിന്‌ അനുമതി നൽകിയിരുന്നു. ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുകൂടി വിലയിരുത്തിയാണ്‌ കോടതി അനുമതി നൽകിയത്‌.  എന്നാൽ, 32 ആഴ്‌ച വളർച്ചയെത്തിയ കുഞ്ഞിന്‌ ജീവിക്കാൻ അവകാശമുണ്ടെന്നും ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തെക്കുറിച്ച്‌ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ അഭിഭാഷകനായ കുളത്തൂർ ജയ്‌സിങ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകാൻ ഹർജിക്കാരനോട്‌ ഡിവിഷൻ ബെഞ്ച്‌ നിർദേശിക്കുകയും ചെയ്‌തു.  ഇതിനിടെയാണ്‌ പെൺകുട്ടിയുടെ സംരക്ഷണം പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അച്ഛൻ കോടതിയെ സമീപിച്ചത്‌. ഹർജി വീണ്ടും ഒമ്പതിന്‌ പരിഗണിക്കും.  Read on deshabhimani.com

Related News