കെ ഫോൺ വേഗത്തിലേക്ക്‌ നാട്‌



വണ്ടൂർ  സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ എത്തിത്തുടങ്ങി. വീടുകളിലേക്ക് കണക്ഷൻ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കും.  ജില്ലയിൽ ഇതുവരെ 1219 സ്ഥാപനങ്ങളിലാണ് കണക്ഷൻ നൽകിയത്‌. കണക്ഷൻ ലഭിക്കാത്ത സ്ഥാപനങ്ങൾക്ക്‌ ഇനിയും രജിസ്റ്റര്‍ചെയ്യാൻ സൗകര്യമുണ്ട്. വണ്ടൂർ മണ്ഡലത്തിൽ വണ്ടൂർ, എടവണ്ണ, കാളികാവ്, മേലാറ്റൂർ എന്നിവിടങ്ങളിലെ കെഎസ്ഇബി സബ്‌ സ്റ്റേഷനുകൾക്കുകീഴിലായി 255 കണക്ഷനുകളാണ് നൽകിയത്. വീടുകളിലേക്ക് ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 100 വീതം കണക്ഷനുകളാണ് നൽകുക.   ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായി കണക്ഷൻ നൽകാനാണ്‌ തീരുമാനം. വണ്ടൂർ മണ്ഡലത്തിൽ മമ്പാട്, തിരുവാലി, വണ്ടൂർ, പോരൂർ, തുവ്വൂർ, കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലായി 10 മുതൽ 15 വരെയുള്ള ഗുണഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ലൈഫ് -പിഎംഎവൈ ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചവരെയും വിദ്യാർഥികളുള്ള വീടുകളെയുമാണ്‌ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. കണക്ഷൻ ലഭിച്ചാൽ സെക്കൻഡിൽ 10 മുതൽ 15  എംബിവരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക.  തിരുവാലി അക്ഷയ കേന്ദ്രത്തിൽ നൽകിയ കെ - ഫോൺ കണക്ഷൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാമൻകുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ സജ്ന അധ്യക്ഷയായി. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ അഭിലാഷ്, പി സബീർ ബാബു, കെ അമ്പിളി, ഡിപിഎം ഗോകുൽ, ബ്ലോക്ക് കോ ഓർഡിനേറ്റർ ഹംസ, ടി പി ശശിഭൂഷൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News