തളരില്ലൊരിക്കലും



മലപ്പുറം ഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ തന്നോളംപോന്ന ട്രോഫിക്കരികിൽ കിടക്കുന്ന അവന്റെ  സന്തോഷം കണ്ടോ. ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടംനേടിയ കേരളടീമിൽ ഉൾപ്പെട്ടതിന്റെ ആഹ്ലാദം മുഴുവനും ആ മുഖത്തുണ്ട്‌. കാൽപ്പന്തുകളിയിൽ നേട്ടം കൊയ്‌ത തളരാത്ത വീര്യത്തിന്റെ പേര്‌ കാരക്കാടൻ മുഹമ്മദ്‌ അജ്‌ഹാദ്‌. വയസ് 14.  എല്ലാവരെയുംപോലെ പന്തിനുപിറകെ ഓടാൻ ഈ അരീക്കോട് വാലില്ലാപ്പുഴ അരിക്കുഴിക്കാട് സ്വദേശിക്ക്‌ കഴിയില്ല. സെറിബ്രൽ പാൾസി ബാധിച്ച്‌ അരയ്‌ക്കുതാഴെ വേണ്ടത്ര ആരോഗ്യമില്ലാത്തതാണ്‌ കാരണം. ജന്മനാ രോഗം പിടികൂടി. നാലാംവയസിലാണ് നടക്കാൻ തുടങ്ങിയത്. ചികിത്സയും മരുന്നും പിന്നീട് കാലുകളുടെ കരുത്തുകൂട്ടി. ഫുട്‌ബോളിനോടുള്ള ഇഷ്ടം കളത്തിലിറങ്ങാൻ പ്രേരിപ്പിച്ചു. ഇരട്ട സഹോദരനായ മുഹമ്മദ് അജ്‌വാദാണ് കൈപിടിച്ച് മൈതാനത്തിറക്കിയത്. ഉപ്പ അബ്ദുൾജബ്ബാറും ഉമ്മ നജുമുന്നീസയും കൂടെനിന്നു. രോ​ഗം വില്ലനാകുമ്പോഴും ഇച്ഛാശക്തികൊണ്ട് അതിനെ തട്ടിയകറ്റുകയാണ്‌ അജ്‌ഹാദ്‌. വളാഞ്ചേരി വികെഎം സെറിബ്രൽ പാൾസി സ്കൂളിലെ ഡോ. സിജിൽദാസും കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ. അസ്‌കർ അലിയും പ്രചോദനം നൽകി. ഡൽഹിയിൽ നടന്ന പ്രഥമ സെറിബ്രൽ പൾസി ദേശീയ ഫുട്‌ബോൾ കിരീടം നേടിയ ടീമിൽ മിഡ്‌ ഡിഫന്ററായിരുന്നു.  സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയാണ് ഫുട്ബോൾ പരിശീലനം നൽകുന്നത്. കളിക്കൊപ്പം ഫുട്ബോളിനെയും താരങ്ങളെയും അറിയാൻ ശ്രമിക്കുന്ന അജ്ഹാദ് കമന്റേറ്റർകൂടിയാണ്. കൊടിയത്തൂർ പിടിഎം എച്ച്എസ്എസിലെ ഈ ഒമ്പതാംക്ലാസുകാരൻ പഠിക്കാനും മിടുക്കനാണ്‌. ‘പഠിച്ചൊരു ജോലി നേടണം’–- അജ്‌ഹാദ്‌ പറഞ്ഞു. കാൽപ്പന്തിനോടുള്ള പ്രണയം മെസിയോടുള്ള ഇഷ്ടംകൂടിയാണ്‌. ‘‘മെസിയുടെ കളി നേരിൽ കാണണം’’–- അതാണ്‌ അജ്‌ഹാദിന്റെ വലിയ  ആഗ്രഹം.  മോഹം സഫലമാക്കാൻ കുടുംബത്തിന്റെ സാമ്പത്തികപ്രയാസം അനുവദിക്കുന്നില്ല.   Read on deshabhimani.com

Related News