തൃക്കലങ്ങോടിന്റെ ഹൃദയംതൊട്ട്‌

എൽഡിഎഫ്‌ സ്ഥാനാർഥി ഷൈജു തൃക്കലങ്ങോട്ടെ പര്യടനത്തിനിടയിൽ എൻആർഇജിഎസ്‌ തൊഴിലാളികളോടൊപ്പം


തൃക്കലങ്ങോട് പരിചയപ്പെടുത്തലുകളോ, മുഖവുരയോ ആവശ്യമില്ല... എവിടെ ചെന്നാലും ഷൈജുമോനേ... എന്ന വിളികൾമാത്രം. ജില്ലാ പഞ്ചായത്തിലേക്ക് തൃക്കലങ്ങോട് ഡിവിഷനിൽനിന്ന‌്‌ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി പി ഷൈജുവിനെ  നാടാകെ ഹൃദയത്തിലേറ്റുവാങ്ങുന്ന കാഴ്‌ചയാണ്‌ തൃക്കലങ്ങോടിന്റെ  തെരുവോരങ്ങളിൽ കണ്ടത്‌.    പകൽ 11.30ഓടെ ചെറാങ്കുത്തിലെ തോട്ടത്തിൽ എത്തിയ സ്ഥാനാർഥിക്ക്‌  വികാര നിർഭരമായ സ്വീകരണമാണ് തൊഴിലാളികൾ നൽകിയത്.  സ്ഥാനാർഥി എത്തുമ്പോൾ തോട്ടം കിളയ്ക്കുന്ന തിരക്കിലായിരുന്നു അവർ. സ്ഥാനാർഥിയെ കണ്ട് പണിയായുധങ്ങൾ നിലത്തുവച്ച് എല്ലാവരും ഓടിയെത്തി. കുശലങ്ങൾ പങ്കുവച്ചു. ഷൈജു തൊഴിലുറപ്പ് തൊഴിലാളിയുടെ മകനാണെന്ന് കൂട്ടത്തിൽ പ്രായംചെന്ന ചിന്നമ്മു പറഞ്ഞ് എല്ലാവർക്കും അറിയാം. അതുകൊണ്ട് ഷൈജുവിനോട് സംസാരിക്കാൻ അവർ തിരക്കുകൂട്ടി. കല്ല്യാണിയമ്മയും ചിന്നമ്മുവും കാളിപെണ്ണുമെല്ലാം ഷൈജുവിന്റെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു. ‘മോൻ വിജയിച്ചുവരും, ഞങ്ങളല്ലാവരും കൂടെയുണ്ട്‌’ കല്ല്യാണി ഉച്ചത്തിൽ പറഞ്ഞു. റേഷനും സൗജന്യ കിറ്റും പെൻഷനും കൃത്യമായി നൽകുന്ന സർക്കാരിനെ മറക്കാനാകില്ലെന്നും തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞശേഷം ചെറിയ വാക്കുകളിൽ മറുപടി നൽകിയാണ് മടക്കം.  ബുധനാഴ്ച രാവിലെ എട്ടിന് തൃക്കലങ്ങോട് പാതിരിക്കോടുനിന്നാണ് പര്യടനം ആരംഭിച്ചത്. കുഞ്ഞുവാക്കുകളിൽ എല്ലാവരോടും വോട്ട് അഭ്യർഥിച്ചു. സുനിശ്ചിതമായ വിജയത്തിന്‌ കൂടുതൽ പിന്തുണയേകിയാണ് ആളുകളെത്തുന്നത്. വൈകിട്ട്‌ അവസാന സ്വീകരണ കേന്ദ്രമായ കൂമംകുളത്ത്‌ എത്തുമ്പോഴേക്കും പകൽമറഞ്ഞിരുന്നു. എൽഡിഎഫ്‌ നേതാക്കളായ വി എം ഷൗക്കത്ത്,  കെ കെ വിമല, ഇ അബ്ദു, കെ കെ ജനാർദനൻ, ഐ രാജേഷ്, മനു കരിക്കാട്, അർജുനൻ എന്നിവരും ഒപ്പമുണ്ടായി. Read on deshabhimani.com

Related News