സൗഹൃദത്തിന്റെ 
ഇഴയടുപ്പം

കോടിയേരി ബാലകൃഷ്ണൻ പി കെ വാരിയരെ കാണാൻ എത്തിയപ്പോൾ ( ഫയൽ ചിത്രം )


  മലപ്പുറം  ആയുർവേദ മരുന്നിന്റെ മണമുള്ള കോട്ടക്കലിന്റെ ഓർമകളിലുണ്ട്‌ ആ ആത്മസൗഹൃദത്തിന്റെ ഇഴയടുപ്പം. അത്രമേൽ ഹൃദയബന്ധമായിരുന്നു അന്തരിച്ച സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനും കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയായിരുന്ന പി കെ വാരിയരും തമ്മിൽ. മലപ്പുറം ജില്ലയിലെത്തിയാൽ കോടിയേരി  പി കെ  വാരിയരെ സന്ദർശിക്കാത്ത സന്ദർഭം ദുർലഭം. ആര്യവൈദ്യശാലയിലെ പി കെ വാരിയരുടെ മുറിയിൽ അദ്ദേഹം ഏറെസമയം  ചെലവഴിക്കും. പെതുകാര്യങ്ങളും ആരോഗ്യവും  ചർച്ചയിൽ കടന്നുവരും. ആദ്യകാല കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകനായിരുന്ന വാരിയർ  പഴയ രാഷ്‌ട്രീയ  അനുഭവങ്ങളും പങ്കുവയ്‌ക്കും.  പൊതുപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ആരോഗ്യം ശ്രദ്ധിക്കണമെന്ന്‌  കോടിയേരിയെ ഉപദേശിക്കും.  ആഭ്യന്തര മന്ത്രിയായിരിക്കെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയായി  ആദ്യതവണ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കോടിയേരി പി കെ വാരിയരെ സന്ദർശിച്ചതായി  ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ ഓർമിക്കുന്നു. "വന്നാൽ പി കെ വാരിയർക്കൊപ്പം ഏറെനേരം ചെലവഴിക്കും. അത്രയേറെ ദൃഢമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. കോടിയേരിയുടെ അകാല  വിയോഗത്തിൽ ആര്യവൈദ്യശാലക്കും കനത്ത ദുഃഖമുണ്ട്‌' –-പി എം വാരിയർ പറഞ്ഞു.    അർബുദ രോഗത്തിന്റെ പിടിയിലായതോടെ ആര്യവൈദ്യശാലയുടെ കാൻസർ   വിഭാഗത്തിന്റെ  ചികിത്സയും നടത്തി. സിപിഐ എം  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസാണ്‌ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കാൻസർ ചികിത്സയെക്കുറിച്ച്‌ കോടിയേരിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. തുടർന്ന്‌ കോടിയേരി കാൻസർ വിഭാഗം ചുമതലയുള്ള ചാരിറ്റബിൾ ഹോസ്‌പിറ്റൽ ചീഫ്‌ മെഡിക്കൽ ഓഫീസർ  ഡോ. കെ എം മധുവിനെ വിളിക്കുകയായിരുന്നു.  ഒന്നരമാസം ചികിത്സ നടത്തി. ‘ചില മരുന്നുകൾ എ കെ ജി സെന്ററിലേക്ക്‌  അയച്ചുകൊടുത്തു. ഇടയ്‌ക്കിടെ രോഗവിവരങ്ങൾ ഫോണിൽ ചർച്ചചെയ്യുമായിരുന്നു. ഏറെ സൗമ്യമായാണ്‌ അദ്ദേഹം സംസാരിക്കാറ്‌. വാത്സല്യവും പ്രകടിപ്പിക്കും. രോഗം ഭേദമാകുമെന്ന നല്ല ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.’ –- ഡോ. കെ എം മധു പറഞ്ഞു. Read on deshabhimani.com

Related News