തോക്കുകളും തിരകളുമായി 2 പേർ പിടിയിൽ



പെരിന്തൽമണ്ണ  അനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളും തിരകളുമായി രണ്ടുപേര്‍കൂടി പൊലീസ്‌ പിടിയില്‍. അമ്മിനിക്കാട്, മങ്കട എന്നിവിടങ്ങളില്‍നിന്നാണ്‌ തോക്കുകളും തിരകളും പിടിച്ചെടുത്തത്.  ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒരാഴ്ചക്കുള്ളില്‍ അഞ്ച് നാടന്‍ തോക്കുകളാണ്‌ പിടികൂടിയത്. സ്വകാര്യ സ്‌കൂൾ അധ്യാപകനായ മങ്കട കരിമലയിലെ ചക്കിങ്ങൽതൊടി ജസീം (32), അമ്മിനിക്കാട് പാണമ്പിയിലെ പടിഞ്ഞാറേതിൽ അപ്പു (50) എന്നിവരാണ് അറസ്റ്റിലായത്.  പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മങ്കട സിഐ യു കെ ഷാജഹാന്‍, പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.വീട്ടില്‍നിന്നാണ് ജസീമിനെ മങ്കട പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ വീടിന്റെ പിറകിൽ   ഒളിപ്പിച്ചനിലയിലായിരുന്നു തോക്ക്. അപ്പുവിന്റെ വീട്ടിൽനിന്നാണ്‌ പെരിന്തല്‍മണ്ണ പൊലീസ് തോക്കും തിരകളും പിടികൂടിയത്‌.  കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം നടത്തിയ പരിശോധനയില്‍ ചെറുകരയിലുള്ള നായാട്ടുസംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരിൽനിന്ന്‌ മൂന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തു.  ഡിവൈഎസ്‌പി എം സന്തോഷ്‌കുമാറിനുപുറമെ സിഐ സുനില്‍ പുളിക്കല്‍, എസ്ഐ എസ് അലി, മങ്കട സിഐ യു കെ ഷാജഹാന്‍, എസ്ഐ എം സതീഷ്, പ്രൊബേഷന്‍ എസ്ഐമാരായ പി എം ഷൈലേഷ്, സജേഷ് ജോസ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീം അംഗങ്ങളുമാണ്  പ്രത്യേക അന്വേഷക സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News