കരിപ്പൂരിൽ 3 കിലോ 
സ്വർണം പിടിച്ചു



കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച മൂന്നുകിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മൂന്ന്‌ യാത്രക്കാരിൽനിന്നായി പിടികൂടിയ സ്വർണത്തിന്‌ 1.8 കോടി രൂപ വിലവരും.  മലപ്പുറം ചെമ്മാണിയോട്‌ സ്വദേശി പാതിരാമണ്ണ അബ്ദുൾ അൻസാർ  (25), മലപ്പുറം പാലക്കാവട്ടയിലെ പൊട്ടങ്ങാട്ട് അഷറഫ് (35), കൊയിലാണ്ടി വലിയപറമ്പിൽ റിയാസ് (45) എന്നിവരാണ്‌ പിടിയിലായത്‌. ജിദ്ദയിൽനിന്ന്‌ എയർ ഇന്ത്യാ എക്സ്പ്രസ്‌ വിമാനത്തിലെത്തിയ അബ്ദുൾ അൻസാറിൽനിന്ന്‌ 1168 ഗ്രാമും സ്‌പൈസ് ജെറ്റ് എയർ ലൈൻസിലെത്തിയ അഷറഫിൽൽനിന്ന്‌ 863 ഗ്രാമും റിയാസിൽനിന്ന്‌ 1157 ഗ്രാമും സ്വർണമാണ്‌ കണ്ടെടുത്തത്‌. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ് ഇവർ സ്വർണം കൊണ്ടുവന്നത്. കള്ളക്കടത്ത് സംഘം  റിയാസിന് 1.1 ലക്ഷവും അൻസാറിന് ഒരുലക്ഷവും അഷറഫിന് 90,000 രൂപയും  വാഗ്ദാനംചെയ്‌തതായി  ഇവർ കസ്റ്റംസിന്‌ മൊഴിനൽകി. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർമാരായ കെ എം സൈഫുദ്ദീൻ, സിനോയ്‌ കെ മാത്യു, സൂപ്രണ്ടുമാരായ  എബ്രാഹം കോശി, അനൂപ് പൊന്നാരി, ടി എൻ വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ, ഇൻസ്‌പെക്ടർമാരായ  പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ് എന്നിവരാണ് കസ്റ്റംസ്‌ സംഘത്തിലുണ്ടായിരുന്നത്‌. Read on deshabhimani.com

Related News