വണ്ടൂർ, വളാഞ്ചേരി, തിരൂരങ്ങാടി ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കം
മലപ്പുറം സിപിഐ എം 23ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വണ്ടൂർ, വളാഞ്ചേരി, തിരൂരങ്ങാടി ഏരിയാ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം. വണ്ടൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജും വളാഞ്ചേരിയിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും തിരൂരങ്ങാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയും പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു. സമ്മേളനങ്ങൾ വ്യാഴാഴ്ച സമാപിക്കും. വണ്ടൂർ ഏരിയാ സമ്മേളനത്തിന് തുടക്കംകുറിച്ച് എടവണ്ണ മുണ്ടേങ്ങര എ പി അബ്ദുറഹ്മാൻ നഗറിൽ (പിഎസ് ഓഡിറ്റോറിയം) മുതിര്‍ന്ന അംഗം മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ജെ ക്ലീറ്റസ്, എം ടി അഹമ്മദ്, പി സുചിത്ര, കെ റഹീം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് പ്രവർത്തന റിപ്പോർട്ടും അഡ്വ. അനില്‍ നിരവില്‍ രക്തസാക്ഷി പ്രമേയവും ലിനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് എന്നിവര്‍ പങ്കെടുക്കുന്നു. 128 പ്രതിനിധികളാണുള്ളത്. വളാഞ്ചേരി ഏരിയാ സമ്മേളനം നടക്കുന്ന കോട്ടീരി നാരായണൻ നഗറിൽ (പാറക്കൽ കൺവൻഷൻ സെന്റർ) മുതിർന്ന അംഗം കെ രാമചന്ദ്രൻ പതാക ഉയർത്തി. വി കെ രാജീവ്, സി കെ ബാവക്കുട്ടി, സി കെ ജയകുമാർ, ടി കെ സാബിറ എന്നിവരാണ് പ്രസീഡിയം. ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ പ്രവർത്തന റിപ്പോർട്ടും സി കെ ജയകുമാർ രക്തസാക്ഷി പ്രമേയവും കെ കെ രാജീവ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ ടി ജലീൽ എംഎൽഎ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി സക്കറിയ, ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ രാമദാസ്, വി പി സാനു എന്നിവർ പങ്കെടുക്കുന്നു. 124 പ്രതിനിധികളാണുള്ളത്. തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇ കെ ഇമ്പിച്ചിബാവ നഗറിൽ (മേലെ ചേളാരി സെഞ്ച്വറി ഓഡിറ്റോറിയം) എം കൃഷ്ണൻ പതാകയുയർത്തി. എം കൃഷ്ണൻ, അഡ്വ. ഒ കൃപാലിനി, ഡോ. കെ ടി അബ്ദുൾ സമദ് എന്നിവരാണ് പ്രസിഡീയം. ഏരിയാ സെക്രട്ടറി ടി പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടും പി വിനീഷ് രക്തസാക്ഷി പ്രമേയവും പി വി അബ്ദുൾ വാഹിദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വേലായുധൻ വള്ളിക്കുന്ന്, വി പി അനിൽ, ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ എന്നിവർ പങ്കെടുക്കുന്നു. 143 പ്രതിനിധികളാണുള്ളത്. Read on deshabhimani.com