പള്ളികളെ സർക്കാർവിരുദ്ധ സമരവേദിയാക്കുന്നത്‌ ആപല്‍ക്കരം: സിപിഐ എം



മലപ്പുറം വഖഫ്‌ ബോർഡ്‌ നിയമനങ്ങൾ പിഎസ്‌സിക്ക്‌ വിട്ടതിനെതിരെ പള്ളികളിൽ സർക്കാർവിരുദ്ധ പ്രതിഷേധമുയർത്താനുള്ള മുസ്ലിംലീഗ്‌ നീക്കം അത്യന്തം ആപല്‍ക്കരമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌. ആരാധനാലയങ്ങൾ രാഷ്‌ട്രീയ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌ ദൂരവ്യാപക  പ്രത്യാഘാതം സൃഷ്ടിക്കും. ഇത്തരം രീതികൾ രാജ്യത്തെ നിയമവ്യവസ്ഥക്ക്‌ വിരുദ്ധമാണ്‌.   ഇടതുപക്ഷ സർക്കാർ മുസ്ലിംവിരുദ്ധമാണെന്ന പ്രചാരണം മുസ്ലിം വിശ്വാസികൾ മുഖവിലയ്ക്കെടുക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ വിധി അത്‌ തെളിയിച്ചതാണ്‌. അന്നുണ്ടാക്കിയ ലീഗ്‌–- ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട്‌ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ഇത്തരം നീക്കങ്ങൾ. ജമാഅത്തെ രാഷ്ട്രീയം നടപ്പാക്കാനുള്ള ഉപകരണമായി ലീഗ് അധഃപതിച്ചു. വിശ്വാസിസമൂഹം ഇത്‌ തിരിച്ചറിയുന്നുണ്ട്‌.    വഖഫ്‌ ബോർഡ്‌ പ്രവർത്തനം സുതാര്യമാക്കാനാണ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടത്. അതിൽ നിയമ പ്രശ്നങ്ങളുണ്ടെങ്കിൽ കോടതികളെ സമീപിക്കുകയാണ്‌ വേണ്ടത്‌.  ആരാധനാലയങ്ങളെ ഉപയോഗിച്ചുള്ള ലീഗിന്റെ സമരരീതി കോൺഗ്രസ്‌ അംഗീകരിക്കുന്നുണ്ടോ എന്ന്‌ നേതൃത്വം വ്യക്തമാക്കണം.  സംഘപരിവാർ സംഘടനകൾക്ക്‌ വളമാകുന്ന ഇത്തരം സമരരീതിയിൽനിന്ന്‌ ഉത്തരവാദപ്പെട്ട  സാമുദായിക സംഘടനകൾ പിന്തിരിയണം. ആരാധനാലയങ്ങളെ  രാഷ്ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസസമൂഹം രംഗത്തുവരണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News