അരനൂറ്റാണ്ടിന്റെ അരുണശോഭ



മലപ്പുറം  ആകെ 935 പാർടി അംഗങ്ങൾ.- 713 പേർ സ്ഥിരം അംഗങ്ങളും 228 സ്ഥാനാർഥി അംഗങ്ങളും. മൂന്ന്‌ ലോക്കൽ കമ്മിറ്റികൾ. 146 ബ്രാഞ്ചുകൾ. അരനൂറ്റാണ്ടുമുമ്പ്‌ സിപിഐ എം ജില്ലാകമ്മിറ്റി രൂപീകരിക്കുമ്പോൾ ജില്ലയിലെ സിപിഐ എം സംഘടനാശേഷി ഇതായിരുന്നു. 53 വർഷം പിന്നിടുമ്പോൾ ജില്ലയിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി പാർടി വളർന്നു. 23–-ാം പാർടി കോൺഗ്രസിന്‌ കേരളം ആതിഥ്യമരുളുമ്പോൾ ജില്ലയിൽ സിപിഐ എമ്മിന്റെ പോരാട്ടപഥങ്ങൾ ആവേശോജ്വലം.  മുസ്ലിംലീഗിന്‌ മേധാവിത്വമുള്ള ജില്ലയിൽ അവരുടെ സംഘടിത ആക്രമണങ്ങളെ അതിജീവിച്ചാണ്‌ പാർടി വളർന്നത്‌. മത–-സാമുദായിക നേതൃത്വങ്ങളെ ഉപയോഗിച്ചും കായികമായി ആക്രമിച്ചും ഭരണകൂട ഭീകരത അഴിച്ചുവിട്ടും നടത്തിയ വേട്ടയ്‌ക്കുമുന്നിൽ നിശ്‌ചയദാർഢ്യത്തോടെ പൊരുതി. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ നടത്തിയ പോരാട്ടങ്ങൾ പാർടിയുടെ ബഹുജനാടിത്തറ വിപുലമാക്കി. അരനൂറ്റാണ്ടിനിടെ അഭൂതപൂർവമായ സംഘടനാശക്തി ആർജിച്ചു.  നിലവിൽ 33,914 പാർടി അംഗങ്ങളുണ്ട്‌. 29,194 സ്ഥിരാംഗങ്ങളും 4720 സ്ഥാനാർഥി അംഗങ്ങളും. 4350 പേർ വനിതകൾ.  2351 ബ്രാഞ്ചുകൾ.  2345 അനുഭാവി ഗ്രൂപ്പുകളിലായി 34,477 പേർ.  143 ലോക്കൽ കമ്മിറ്റിയും 16 ഏരിയാകമ്മിറ്റികളും.  1969 ജൂൺ 20ന്‌ ചേർന്ന പ്രത്യേക കൺവൻഷനാണ്‌ സിപിഐ എം ജില്ലാ കമ്മിറ്റിക്ക്‌ രൂപം നൽകിയത്‌. പാലക്കാട്‌, കോഴിക്കോട്‌ ജില്ലകൾക്കുകീഴിലായിരുന്ന പാർടി ഘടകങ്ങൾ ചേർത്താണ്‌ കമ്മിറ്റി രൂപീകരിച്ചത്‌. 20 പേരായിരുന്നു ആദ്യ ജില്ലാകമ്മിറ്റിയിൽ. പാലോളി മുഹമ്മദ്‌കുട്ടി (മലപ്പുറം), കെ ശ്രീധരൻ (പൊന്നാനി), ഇ യു ജി മേനോൻ (പൊന്നാനി), കെ എൻ മേനോൻ (പെരിന്തൽമണ്ണ) പി അയ്യപ്പൻ (തിരൂർ), കെ കുഞ്ഞാലി (നിലമ്പൂർ), കെ സെയ്‌താലിക്കുട്ടി (മഞ്ചേരി), ഇ രാമൻ നായർ (വളാഞ്ചേരി) എന്നീ എട്ടുപേർ പാലക്കാട്‌, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികളിൽ പ്രവർത്തിച്ചവരായിരുന്നു. എ പി വാസു (മങ്കട), കുഞ്ഞൻവാര്യർ (പെരിന്തൽമണ്ണ), ഇ ടി കുഞ്ഞൻ (പൊന്നാനി), പി എൻ എരവിമംഗലം (പെരിന്തൽമണ്ണ), കെ സെയ്‌തലവി (അരീക്കോട്‌), പരമേശ്വരൻ എമ്പ്രാന്തിരി (പരപ്പനങ്ങാടി), കെ പി മാധവൻനായർ (നിലമ്പൂർ) എന്നിവരെ ഉൾപ്പെടുത്തി 15 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പിന്നീട്‌ പി അലി (തിരൂർ), കെ ബാപ്പു (വേങ്ങര), ഇ കേശവൻ (പൊന്നാനി), ആർ രാജപ്പൻ (പെരിന്തൽമണ്ണ), മൊയ്‌തീൻകുട്ടി ഹാജി (മഞ്ചേരി) എന്നിവരെ ചേർത്ത്‌ 20 അംഗ ജില്ലാകമ്മിറ്റിയായി. പാലോളി മുഹമ്മദ്‌കുട്ടി, കെ കുഞ്ഞാലി, കെ സെയ്‌താലിക്കുട്ടി, കെ എൻ മേനോൻ, പി അയ്യപ്പൻ എന്നിവരായിരുന്നു ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ.  1969 ജൂലൈ 28ന്‌ കുഞ്ഞാലിയെ കോൺഗ്രസ്‌ ഗുണ്ടകൾ വെടിവച്ച്‌ കൊലപ്പെടുത്തി. പിന്നീട്‌ ടി കെ നമ്പീശനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇരുപതുപേരിൽ പാലോളി മുഹമ്മദ്‌കുട്ടിയും ആർ രാജപ്പനുംമാത്രമാണ്‌ നിലവിൽ ജീവിച്ചിരിക്കുന്നത്‌. Read on deshabhimani.com

Related News