വിദ്യാരംഭം കലോത്സവം: 
തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു

തുഞ്ചൻ പറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനംചെയ്യാനെത്തിയ ചലച്ചിത്രതാരം വി കെ ശ്രീരാമനൊപ്പം എം ടി വാസുദേവൻനായർ, പി നന്ദകുമാർ എംഎൽഎ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ


തിരൂർ വിദ്യാരംഭം കലോത്സവത്തിന്‌  തിരൂർ തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഉദ്‌ഘാടനംചെയ്‌തു. അക്ഷരത്തിന്റെ വലിയ സാധ്യത മനുഷ്യനെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും വിവേകിയാക്കാനുമുള്ള കഴിവാണെന്ന്‌ അദ്ദേഹം പറഞ്ഞു.    അക്ഷരംകൊണ്ടുമാത്രം ജീവിതം പൊലിപ്പിച്ചെടുക്കാൻ കഴിയില്ല. അക്ഷരംമാത്രം പോരാ വിവേകവും വേണം. സമൂഹമാധ്യമങ്ങളിലെ എഴുത്തുകാർക്ക് ജീവിതം എത്രമാത്രം  പ്രസക്തമാണ് എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നതെന്നും വി കെ ശ്രീരാമൻ പറഞ്ഞു.  തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ സംസാരിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ സ്വാഗതവും പി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് ഷാജി കുഞ്ഞൻ അവതരിപ്പിച്ച ഗസൽസന്ധ്യയും ലോക്യ ആർട്ട് സ്പേസ് അരിയല്ലൂരിലെ മഞ്ജു വി നായരും സംഘവും അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.  ഞായർ വൈകിട്ട് 5.30ന് വേദമിത്ര അവതരിപ്പിക്കുന്ന വയലിൻ സോളോ, ഏഴിന്‌ മട്ടന്നൂർ ശിവരഞ്ജിനി കലാക്ഷേത്രത്തിന്റെ സർഗവിരുന്ന്, രാത്രി ഒമ്പതിന്‌  തൃക്കണ്ടിയൂർ ലളിതകലാസമിതിയുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. Read on deshabhimani.com

Related News