നിലമ്പൂർ –ഷൊർണൂർ പാത: വൈദ്യുതീകരണം ഡിസംബറിൽ തുടങ്ങും



  നിലമ്പൂർ നിലമ്പൂർ–-ഷൊർണൂർ റെയിൽപ്പാത വൈദ്യുതീകരണം ഡിസംബറിൽ തുടങ്ങുമെന്ന് റെയിൽവേ അധികൃതർ. രണ്ട് വർഷത്തിനകം പൂർത്തിയാക്കും. ദക്ഷിണ റെയിൽവേ വൈദ്യുതീകരണ വിഭാഗം ഡെപ്യൂട്ടി എൻജിനിയറുടെ ഓഫീസിന്റെ പ്രവർത്തനം പാലക്കാട് ആരംഭിച്ചിട്ടുണ്ട്‌. നിലമ്പൂർ–--ഷൊർണൂർ പാതയും പാലക്കാട് –-പൊള്ളാച്ചി-–-ഡിണ്ടിഗൽ സെക്ഷനിലെ 180 കിലോമീറ്ററും പാലക്കാട് ഡിവിഷിന് കീഴിലാണ്. ഈ പാതകളുടെ പ്രവൃത്തികൾക്ക്‌ എൽ ആൻഡ് ടിയുമായി റെയിൽവേ കരാർ ഒപ്പുവച്ചിരുന്നു. ഷൊർണൂർ–നിലമ്പൂർ പാത വൈദ്യുതീകരണത്തിന്‌ 53 കോടി രൂപയാണ് വകയിരുത്തിയത്.  ഇന്ധനച്ചെലവും മലിനീകരണവും  കുറയ‌്ക്കാനും കൂടുതൽ ശക്തിയുള്ള എൻജിനുകൾ ഓടിക്കാനും പാതയിലെ ചക്രം തെന്നൽ ഒഴിവാക്കാനും വൈദ്യുതീകരണം സഹായിക്കും. വൈദ്യുത വണ്ടികൾ വരുന്നതോടെ സമയവും ലാഭിക്കാം. പാതയിൽ 25 മിനുട്ടെങ്കിലും ലാഭിക്കാമെന്ന്‌ കരുതുന്നു.  ഡീസൽ എൻജിനേക്കാളേറെ വേഗത്തിൽ മുന്നോട്ടുനീങ്ങാനും പെട്ടെന്ന് നിർത്താനും കഴിയുന്നതാണ്‌ വൈദ്യുത എൻജിൻ.   വൈദ്യുതി പ്രസരിപ്പിക്കാൻ ഷൊര്‍ണൂർ മുതൽ സബ്‌ സ്റ്റേഷനുകളുണ്ടാകും. അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിൽ സ്വിച്ചിങ് സ്റ്റേഷനുകളും. Read on deshabhimani.com

Related News