അണിഞ്ഞൊരുങ്ങി; 
ആരും പുതുതായി ചേർന്നില്ല

ചോക്കാട് നാൽപ്പത്‌സെന്റ് ഗവ. എൽപി സ്കൂൾ 
പ്രവേശനോത്സവത്തിനായി ഒരുക്കിയപ്പോൾ


കാളികാവ്    ചോക്കാട് ഗവ. എൽപി സ്കൂളിലെ ഒന്നാംദിനത്തിന്‌ ഇത്തവണ ആരവമില്ലായിരുന്നു. ചിത്രങ്ങൾ വരച്ച് സ്കൂളും പരിസരവും ഭംഗിയാക്കിയിരുന്നെങ്കിലും പുതിയ പ്രവേശനം ഉണ്ടായില്ല. ചോക്കാട്‌ ഗിരിജൻ കോളനിയിലെ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേരാൻ ആരുമുണ്ടായില്ല. ഒന്നിൽ ചേർക്കാൻ പ്രായമുള്ള കുട്ടികൾ കോളനിയിൽ ഇല്ലാത്തതാണ്‌ കാരണം. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയാണിത്‌. 1978–-ൽ ആരംഭിച്ച വിദ്യാലയത്തിൽ ഒന്നാംതരത്തിൽ കുട്ടികൾ ഇല്ലാതാകുന്നത് ആദ്യമാണ്‌. നാലുവർഷം മുമ്പുവരെ ചോക്കാട് ഗിരിജൻ കോളനി സ്കൂൾ എന്നായിരുന്നു പേര്. രണ്ടു കുട്ടികളാണ്‌ ഒന്നിൽ ചേരാൻ അടുത്ത്‌ പ്രായമുള്ളവരായി കോളനിയിലുള്ളത്‌. ഒരാൾക്ക് നാലര വയസും മറ്റൊരാൾക്ക് അഞ്ച് വയസുമാണ്. അഞ്ച് വയസുകാരനെ ഒരുവർഷംകൂടി അങ്കണവാടിയിൽ വിടാനാണ് രക്ഷിതാക്കളുടെ തീരുമാനം. രണ്ട്‌, മൂന്ന്‌, നാലു ക്ലാസുകളിലായി 12 കുട്ടികളാണുള്ളത്‌. ഇതിൽ നാലിൽ ഒരാൾ മാത്രം–- അതുൽ. കോവിഡ് കാരണം അതുൽ ഒന്നാം ക്ലാസിലേക്ക് പോയില്ല. രണ്ടിലും മൂന്നിലും ക്ലാസിൽ തനിച്ചായിരുന്നു.  പഞ്ചായത്ത് അംഗം ഷാഹിന ഗഫൂർ വിദ്യാർഥികൾക്ക് പുസ്തകം വിതരണംചെയ്തു. പ്രധാനാധ്യാപകൻ കെ അബ്ബാസ്, അധ്യാപകരായ അനീഷ്, ബിൻസി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News