‘വായനയാണ്‌ സാറേ മെയിൻ’



തിരൂർ   ഏതുനേരവും ഫോണിലാ, സമയം കിട്ടിയാ അതിൽ നോക്കിയിരുന്നോളും. പുതു തലമുറയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണിത്‌. എന്നാൽ ഒഴിവുകിട്ടിയാൽ പുസ്‌തകമെടുക്കുന്ന ഒരു പത്തുവയസുകാരിയുണ്ട്‌ തിരൂരിൽ. തിരൂർ ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി എസ് എൻ ദക്ഷിണ. വായന ദക്ഷിണക്ക്‌ ജീവിതചര്യയാണ്‌. രണ്ടായിരത്തിലേറെ പുസ്തകങ്ങളാണ്‌ ഇതിനകം വായിച്ചത്‌. കുഞ്ഞു പ്രായത്തിൽ വായന ആരംഭിച്ചതാണ്‌. പഞ്ചതന്ത്രം കഥകൾ, ഈസോപ്പ് കഥകൾ,  ഉണ്ണിക്കുട്ടന്റെ ലോകം, ആലീസ് ഇൻ വണ്ടർലാൻഡ്‌ തുടങ്ങി കുട്ടികളുടെ പ്രിയ സാഹിത്യങ്ങൾ വായിച്ചാണ് വായനയുടെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. തിരൂർ തുഞ്ചൻ പറമ്പിലെ ബാലസമാജത്തിലെ അംഗമായശേഷമാണ് വായന ചര്യയായി മാറുന്നത്‌. തിരൂർ മുനിസിപ്പൽ ലൈബ്രറി, പച്ചാട്ടിരി ഗ്രാമബന്ധു വായനശാല എന്നിവയിൽ അംഗമാണ്‌. സ്വദേശമായ തിരുവനന്തപുരത്തെ സെൻട്രൽ ലൈബ്രറിയിലും അംഗത്വമുണ്ട്‌. ഇവയിൽനിന്നെല്ലാം പുസ്തകങ്ങൾ എടുത്ത് വായിച്ച്‌ ആസ്വാദനക്കുറിപ്പുകളും തയ്യാറാക്കാറുണ്ട്‌. ഇവ പുസ്തകമാക്കി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ മാതാപിതാക്കൾ. പുസ്തകോത്സവ വേദികളിലെ സജീവ സാന്നിധ്യമാണ്‌ ദക്ഷിണ. 1500ലേറെ പുസ്തകങ്ങളുള്ള സ്വന്തം ലൈബ്രറി വീട്ടിൽ ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ ബാലസാഹിത്യ കൃതികളിലായിരുന്നു താൽപ്പര്യം. ഇപ്പോൾ നോവലുകളുടെയും കഥകളുടെയും ലോകത്താണ്. ഡിറ്റക്ടീവ് നോവലുകളാണ്‌ ഏറ്റവും പ്രിയം.  തുടരുന്ന വായനയ്‌ക്ക്‌ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്‌. മികച്ച ചിത്രകാരികൂടിയായ ദക്ഷിണ കെഎസ്ഇബി ജീവനക്കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നോബിൾ, ഷൈനി ദമ്പതികളുടെ മകളാണ്. Read on deshabhimani.com

Related News