പരിമിതികളെ മറന്ന്‌ പറക്കട്ടെ



കോട്ടക്കൽ ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ പരിമിതികളുണ്ട്‌. പ്രതീക്ഷിക്കുന്നതുപോലെയാവില്ല പ്രതികരണങ്ങൾ. ആശയവിനിമയംപോലും ആഗ്രഹിക്കുന്നതുപോലെ സാധ്യമായെന്നുവരില്ല. എന്നാൽ ചേർത്തുപിടിച്ച്‌ കൂടെനിന്നാൽ ഓട്ടിസംമൂലമുള്ള പരിമിതികളെ മറികടക്കുന്നവരുണ്ട്‌. പ്രതീക്ഷയാകുന്നവർ. ഒഴുകുന്ന മനസുകളെ ചേർത്തുനിർത്തേണ്ടതിന്റെ പ്രാധാന്യമാണ്‌ ലോക ഓട്ടിസം ദിനം ഓർമിപ്പിക്കുന്നത്‌. ഭാവിയിൽ കേരളം ഭയപ്പെടേണ്ട രോഗാവസ്ഥയാണ്‌ ഓട്ടിസമെന്നാണ്‌ കോട്ടക്കൽ വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. കെ എസ് ദിനേശ് നൽകുന്ന മുന്നറിയിപ്പ്‌.  അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽപോലും ഓട്ടിസ്റ്റിക് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്‌. ഇന്ത്യയിൽ 166ൽ ഒരാൾക്ക് ഓട്ടിസം പിടിപെടാൻ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തൽ. ഓട്ടിസം രോഗികൾ പ്രധാനമായും മൂന്നു ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. -ഭാഷാപരമായ ശേഷി കൈവരിക്കാതിരിക്കുകയോ -സംസാരശേഷി ആർജിക്കാതിരിക്കുകയോ ചെയ്യുന്നതാണ്‌ ആദ്യത്തേത്‌.  സാമൂഹിക ഇടപെടലിന് വിമുഖത കാട്ടുക, മുഖത്തോട് മുഖം നോക്കാതിരിക്കുക, നേരേനിന്ന് സംസാരിക്കാതിരിക്കുക, ആളുകളെ കാണുമ്പോൾ ഭയപ്പെടുക, സ്വന്തം ലോകത്തേക്ക് ഒതുങ്ങുക എന്നിവയാണ്‌ രണ്ടാമത്തെ ലക്ഷണം. സ്റ്റീരിയോടൈപ്പിങ്‌ (തുടർച്ചയായി ഒരേ പ്രവർത്തനങ്ങൾ തന്നെ ചെയ്യുക)ആണ്‌ മറ്റൊരു ലക്ഷണം. ശരീരത്തിൽ ഉയർന്ന തോതിലുള്ള ഘന ലോഹങ്ങളുടെ സാന്നിധ്യം, തലച്ചോറിലെ വ്യത്യാസങ്ങൾ, ജനിതക തകരാറുകൾ എന്നിവ മൂലമാണ് ഓട്ടിസം ഉണ്ടാകുന്നതെന്ന്‌ ഡോ. ദിനേശ് പറഞ്ഞു.  വേണം, കരുതൽ  ഓട്ടിസം ബാധിച്ചവരോട് പെരുമാറുന്നതിൽ സമൂഹം കൂടുതൽ ഉയരേണ്ടതുണ്ടെന്ന് ചങ്ങരംകുളം അതിഥിയിലെ ഡയറക്ടർ ഡോ. ശില്‍പ്പ അരിക്കത്ത് പറയുന്നു. വികസിത രാജ്യങ്ങളിൽ ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സാ, -വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത് സ്റ്റേറ്റ് ആണെന്നും ഇന്ത്യയിൽ അത്തരത്തിലുള്ള സംവിധാനം ഇല്ലെന്നും ശില്‍പ്പ പറഞ്ഞു. ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും വിവിധ തെറാപ്പികൾക്ക് സൗകര്യമുള്ള സെന്ററുകൾ സർക്കാർതലത്തിൽ ആരംഭിക്കേണ്ടതുണ്ടെന്നും ഡോ. ശില്‍പ്പ പറഞ്ഞു. Read on deshabhimani.com

Related News