എട്ടാമതും 
മികവിൻ തൂവൽ



പൊന്നാനി തുടർച്ചയായ എട്ടാം തവണയും പദ്ധതി നിർവഹണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2022-–-23 വാർഷിക പദ്ധതിയിൽ അനുവദിച്ച 4.65 കോടിയും ചെലവഴിച്ചാണ് നേട്ടത്തിലെത്തിയത്‌. പട്ടികജാതി വിഭാഗത്തിനായി 90 ലക്ഷം, ധനകാര്യ കമീഷൻ ഗ്രാ​ന്റ് 1.07 കോടി, ജനറൽ ഫണ്ട് 2.65 കോടി, മെയിന്റനൻസ് ഫണ്ട് 56 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്.  ജനകീയ പദ്ധതികൾ ആവിഷ്ക്കരിച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരവും ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തിയിരുന്നു.  ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ ബ്ലോക്കിന്‌ വലിയ മുന്നേറ്റമുണ്ടാക്കാനായി. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമാണത്തിന് അമിതമായ പ്രാധാന്യം നൽകുന്നതിന്‌ പകരം അരുണിമ, സുകൃതം പദ്ധതികളും സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്കും പ്രാമുഖ്യം നൽകുന്ന പദ്ധതികളുമാണ്‌ നടപ്പാക്കിയത്‌. വയോജനങ്ങൾക്ക്‌ പോഷകാഹാരം, ആയുർവേദ മരുന്നുകൾ, മാനസിക സംഘർഷം കുറയ്ക്കുന്നതിനുള്ള കൗൺസലിങ്‌ കേന്ദ്രങ്ങൾ, നിയമ സഹായം എന്നിവക്കായി നടപ്പാക്കിയ സുകൃതം പദ്ധതി ഏറെ ശ്രദ്ധനേടി. വനിതകൾക്കായി കാൻസർ രോഗ നിർണയ പദ്ധതിയും വിവിധ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതിയും നടപ്പാക്കി. ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും  മികവിലൂടെയാണ് നേട്ടം സാധ്യമായതെന്ന് പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു പറഞ്ഞു.   Read on deshabhimani.com

Related News