പോപ്പുലർ ഫ്രണ്ടിന്‌ നിരോധനം: 6 ഓഫീസ്‌ പൊലീസ്‌ മുദ്രവച്ചു

പോപ്പുലർ ഫ്രണ്ടിന്റെ റിഹാബ്‌ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ മഞ്ചേരിയിലെ ഓഫീസ്‌ 
പൊലീസ്‌ അടച്ചുപൂട്ടിയപ്പോൾ


  മലപ്പുറം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പുറകെ ജില്ലയിലെ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ ആറു സ്ഥാപനങ്ങൾ പൊലീസ്‌ അടച്ചുപൂട്ടി. വ്യാഴാഴ്‌ച സംസ്ഥാന പൊലീസ്‌ മേധാവി ജില്ലയിലെ മേധാവികളുടെ യോഗം ഓൺലൈനായി വിളിച്ചുചേർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി തുടങ്ങിയത്‌. യുഎപിഎ നിയമം  വകുപ്പ് 8 (1) പ്രകാരമുള്ള ജില്ലാ പൊലീസ് മേധാവിയുടെ അധികാരമുപയോഗിച്ചാണ് നടപടി.  രണ്ടത്താണി പൂവൻചിനയിലെ പിഎഫ്‌ഐ ജില്ലാ ഓഫീസായ മലബാർ ഹൗസ്‌, വാഴക്കാട്‌ എളമരത്തെ നെസ്‌റ്റ്‌ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഓഫീസായി പ്രവർത്തിക്കുന്ന നെസ്‌റ്റ്‌ വില്ല, വഴിക്കടവ്‌ മുരിങ്ങമുണ്ടയിലെ സീഗ ഗൈഡൻസ്‌ സെന്റർ, തേഞ്ഞിപ്പലം കോഹിനൂരിലെ കീൻ ചാരിറ്റബിൾ ട്രസ്‌റ്റ്‌ ഓഫീസ്‌, മഞ്ചേരി കുത്തുകൽ റോഡിലെ റിഹാബ്‌ ഫൗണ്ടേഷൻ ഓഫീസ്‌, പെരിന്തൽമണ്ണ താഴെക്കൊട്ടെ ഹ്യൂമൻ വെൽഫെയർ ട്രസ്‌റ്റ്‌ ഓഫീസ്‌ എന്നിവയാണ്‌ പൂട്ടിയത്‌.  മലബാർ ഹൗസിൽ വ്യാഴാഴ്‌ച രാത്രിയും എൻഐയും പൊലീസും പരിശോധന നടത്തിയിരുന്നു. തുടർന്നാണ്‌ അടച്ച്‌ മുദ്രവച്ചത്‌. എളമരത്തെ നെസ്‌റ്റ്‌ വില്ല ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ വീടിന്റെ സമീപത്താണ്‌. വലിയ മതിലിനുള്ളിലുള്ള വീടുമായി നാട്ടുകാർക്ക്‌ അടുപ്പമില്ല. പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന വീടാണ്‌ ഇത്‌ എന്നാണ്‌ സൂചന. സെപ്‌തംബർ 22ന്‌  ഈ വീട്ടിൽ എൻഐഎ റെയ്‌ഡ്‌ നടത്തിയിരുന്നു.  പെരിന്തൽമണ്ണ ഡിവൈഎസ്‌പി  എം സന്തോഷ്‌കുമാർ, എസ്‌ഐ എ എം യാസിർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറരയോടെയാണ്‌ താഴെക്കോട്ടെ ഹ്യൂമൻ വെൽഫെയർ ട്രസ്‌റ്റ്‌ ഓഫീസ്‌ അടച്ചുപൂട്ടിയത്‌. മഞ്ചേരി അച്ചിപ്പിലാക്കൽ കുത്തുകൽ റോഡിലെ റിഹാബ് ഫൗണ്ടേഷൻ ഓഫീസ്‌ രാത്രി ഏഴോടെയാണ്‌ പൊലീസ്‌ മുദ്രവച്ചത്‌.  തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ ഒ പ്രദീപിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറേമുക്കാലോടെയാണ്‌ കീൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഓഫീസ്‌ അടച്ചുപൂട്ടി നോട്ടീസ്‌ പതിച്ചത്‌.   വഴിക്കടവ് മുരിങ്ങമുണ്ടയിലെ പോപ്പുലർ ഫ്രണ്ട് കായിക പരിശീലന കേന്ദ്രമായ സീഗ ഗൈഡൻസ് സെന്റർ വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണ്‌ അടച്ചുപൂട്ടിയത്‌. നിലമ്പൂർ സീഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കെട്ടിടം. 2005ലാണ് സ്ഥാപനം തുടങ്ങിയത്‌. ഇവിടെ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നുണ്ട്‌. എസ്‌ഐമാരായ ടി എസ് സനീഷ്, ഒ കെ വേണു, എഎസ്ഐ കെ മനോജ്, സിപിഒമാരായ കെ പി ബിജു, എം എസ് അനീഷ്, നിഖിൽ എന്നിവരും പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News