മഹിളാ കോൺഗ്രസിനെ *സമാന്തര കമ്മിറ്റി വിഴുങ്ങി



മലപ്പുറം കെപിസിസി പുനഃസംഘടന ലക്ഷ്യമിട്ട് മഹിളാ കോൺഗ്രസിൽ സമാന്തര കമ്മിറ്റി. സ്‌ത്രീകൾ അംഗങ്ങളായുള്ള ട്രേഡ് യൂണിയനുകൾ പൂർണമായും ഇവർ വരുതിയിലാക്കി. ഐഎൻടിയുസിക്ക് കീഴിലെ വിവിധ സംഘടനകൾ ഇതോടെ കടലാസ് സംഘങ്ങളായി. ആര്യാടൻ മുഹമ്മദിന്റെയും എ പി അനിൽകുമാറിന്റെയും മൗനാനുവാദത്തോടയാണ്‌ നീക്കം. പുനഃസംഘടനയിൽ മഹിളാ കോൺഗ്രസ്‌ പിടിക്കുകയാണ്‌ ലക്ഷ്യം. അങ്കണവാടി, ആശാ വർക്കർ, തൊഴിലുറപ്പ്‌, ഖാദി വർക്കേഴ്സ്, ആർഡി ഏജന്റ്  എന്നിവിടങ്ങളിലായി ഇരുപതോളം സമാന്തര കമ്മിറ്റികളുണ്ടാക്കി‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നതിന്‌ പകരം മൈ ഐഎൻസി എന്ന ലേബലിലാണ്‌ സംഘടനാ രൂപീകരണം. നിലവിലെ മഹിളാ കോൺഗ്രസ്‌, ഐഎൻടിയുസി നേതൃത്വം അറിയാതെയാണ്‌ ഇതെല്ലാം.  മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മിനി ഗോപിനാഥിനെ മുൻനിർത്തിയാണ് സംഘടനകൾ പിടിച്ചെടുത്തത്. ജില്ലയിൽ മഹിളാ കോൺഗ്രസ്‌ നിർജീവമാണ്‌. അവസരം മുതലെടുത്ത്‌ തദ്ദേശസ്ഥാപനങ്ങളിലെ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സംഘടനകൾ വരുതിയിലാക്കിയത്. കഴിഞ്ഞദിവസം അങ്കണവാടി ജീവനക്കാരുടെ പ്രശ്നം ചർച്ചചെയ്യാൻ യോഗം വിളിച്ചപ്പോഴാണ് സമാന്തര സംഘടനകൾ തഴച്ചുവളർന്നതായി ഐഎൻടിയുസി നേതൃത്വം അറിയുന്നത്. ഈ വിഭാഗങ്ങൾക്കിടയിൽ യോഗം വിളിക്കാൻപോലും ഇനി നേതൃത്വത്തിനാവില്ല. നിലവിൽ ഐ ഗ്രൂപ്പിന്റെ കൈയിലാണ് ഐഎൻടിയുസി. അത് പൊളിക്കുകയെന്ന തന്ത്രവും ആര്യാടനും അനിൽകുമാറിനുമുണ്ട്. വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമായിരുന്നു ഐഎൻടിയുസി. എൻ എ കരീം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി തുടരുമ്പോഴാണ്‌ വി പി ഫിറോസിനെ അവരോധിച്ചത്‌. എ ഗ്രൂപ്പിലെ ഒരു വിഭാഗം ഐ ഗ്രൂപ്പുമായി ചേർന്നാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇ മുഹമ്മദ്‌കുഞ്ഞി താൽക്കാലിക ഡിസിസി പ്രസിഡന്റായത്‌  ഇതിന്റെ ഭാഗമാണ്‌. എ ഗ്രൂപ്പിൽ ആര്യാടന്‌ പിന്തുണ നഷ്ടമായതോടെയാണ്‌ പുതിയ നീക്കം. Read on deshabhimani.com

Related News