നാടൻ തോക്കുകളുമായി 3 പേർ അറസ്റ്റിൽ



പെരിന്തൽമണ്ണ നാടന്‍ തോക്കുകളുമായി ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ്‌ അറസ്റ്റുചെയ്‌തു. ചെറുകര സ്വദേശികളായ കരിമ്പനക്കല്‍ പറമ്പില്‍ അരുണ്‍ (30), പട്ടുക്കുത്ത് സുരേഷ് കുമാര്‍ (41), കാവുംപുറത്ത് റോസ് (34) എന്നിവരാണ്‌ പിടിയിലായത്‌.  ജില്ലയിൽ അനധികൃതമായി നാടന്‍തോക്കുകള്‍ ഉപയോഗിച്ച്‌ നായാട്ട് നടത്തുന്നതിനിടയില്‍ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് അനധികൃതമായി നാടന്‍ തോക്ക് കൈവശംവച്ച് ഉപയോഗിക്കുന്ന നായാട്ടുസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. നായാട്ടിന് ഉപയോഗിക്കുന്നതിനായി പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തവയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് തോക്കുകളും വീടുകളില്‍ പാര്‍ട്സുകളാക്കി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ചെയ്തതായും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ അറിയിച്ചു. സിഐ സുനില്‍ പുളിക്കല്‍, എസ്ഐമാരായ സി കെ നൗഷാദ്, സന്തോഷ്, പ്രൊബേഷന്‍ എസ്ഐമാരായ എസ് ഷൈലേഷ്, സജേഷ്ജോസ്, എഎസ്ഐ വിശ്വംഭരന്‍ എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിത്‌.   Read on deshabhimani.com

Related News