ആദ്യ റീച്ച്‌ 90 ശതമാനം പൂർത്തിയായി

മലയോര ഹൈവേ അന്തിമഘട്ടത്തിലെത്തിയ മൂത്തേടം 
പഞ്ചായത്തിലെ കുറ്റിക്കാട് പ്രദേശം


എടക്കര മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ നിര്‍മാണം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ ആദ്യ റീച്ചായ പൂക്കോട്ടുംപാടം മുതല്‍ എടക്കര കാറ്റാടി വരെയുള്ള പതിനഞ്ച് കിലോമീറ്റര്‍ ഭാഗത്തെ പ്രവൃത്തി 90 ശതമാനവും പൂർത്തിയായി. അമരമ്പലം, കരുളായ്, മൂത്തേടം, പോത്ത്കല്ല് പഞ്ചായത്തുകളിൽ ഫൈനൽ കോട്ട് ടാറിങ്‌ മാത്രമാണ് ബാക്കിയുള്ളത്. എടക്കര, ചുങ്കത്തറ പഞ്ചായത്തിലും സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചു. നിലമ്പൂർ മണ്ഡലത്തിൽനിന്ന് വണ്ടൂർ മണ്ഡലത്തിലേക്കുള്ള പ്രവൃത്തിയും ആരംഭിച്ചു.  പൂക്കോട്ടുംപാടം മുതൽ മൂലേപ്പാടം കക്കാടംപൊയിൽ വഴി കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന മലയോര പാതയും നിർമിക്കുന്നുണ്ട്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 8.40 മീറ്റര്‍ ടാറിങ്ങും വശങ്ങളില്‍ നടപ്പാതയുമുണ്ട്. നിര്‍മാണം കഴിഞ്ഞയുടനെ റോഡുകളില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനും കേബിള്‍ ഇടുന്നതിനും റോഡ് വെട്ടിക്കുഴിക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തുന്ന രീതിയിലാണ് പാതയുടെ നിര്‍മാണം. കാല്‍നടക്കുള്ള സൗകര്യത്തോടൊപ്പം ഡ്രൈനേജും കേബിള്‍ ഡക്ട് സംവിധാനവും ഒരുക്കും. 115 കോടി രൂപയാണ് ആദ്യ റീച്ചിന്റെ ചിലവ്.  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പോത്ത്കല്ല് മുണ്ടേരിയിൽനിന്ന് വയനാട് വരെയുള്ള പാത നിർമാണത്തിന്റെ ചർച്ച പുരോഗമിക്കുകയാണ്.   Read on deshabhimani.com

Related News