സ്‌കൂളിലേക്ക്‌ യാത്രയാക്കാൻ അവരില്ലല്ലോ...

കുട്ടികളുടെ പുസ്തകങ്ങളും, ബാഗും, ചെരുപ്പും വീട്ടിലെ ഷെൽഫിൽ


താനൂർ ബോട്ടപകടത്തിൽ മരിച്ചത്‌ കുന്നുമ്മൽ വീട്ടിലെ ആറ്‌ കുട്ടികൾ താനൂർ കുന്നുമ്മൽ വീടിന്റെ ചെറിയ ഹാളിലെ മൂലയിലെ ഷെൽഫ്‌ കാണുന്നവർക്കെല്ലാം കണ്ണീർ കാഴ്‌ചയാണ്‌. അടുക്കിവച്ച പുസ്‌തകങ്ങൾ, ബാഗ്‌, കുഞ്ഞ്‌ ഷൂസ്‌... ഇത്തവണ സ്‌കൂൾ തുറക്കുമ്പോൾ അവയും ധരിച്ച്‌ പോകേണ്ടവർ ആരും ഇന്നീ വീട്ടിലില്ല. കഴിഞ്ഞ ഏഴിന്‌ താനൂർ തൂവൽതീരത്ത്‌ ബോട്ടപകടത്തിൽ മുങ്ങിത്താണ ജീവനുകളിൽ ഈ വീട്ടിലെ ഒമ്പത്‌ പേരാണ്‌  ഉണ്ടായിരുന്നത്‌. ഇതിൽ അഞ്ചുപേരും ഈ അധ്യയനവർഷവും സ്‌കൂളിൽ പോകേണ്ടവരായിരുന്നു. ‘കഴിഞ്ഞ വർഷം ഈ സമയത്ത് സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങളായിരുന്നു, എന്നാൽ ഇക്കൊല്ലം....’ കുന്നുമ്മൽ സൈതലവിയുടെ വാക്കുകൾ മുറിഞ്ഞു.  സൈതലവിയുടെ ഭാര്യ സീനത്ത്‌, മക്കളായ ഹസ്‌ന, ഷംന, ഷഹല, ഫിദ ദിൽന, സഹോദരൻ സിറാജിന്റെ ഭാര്യ റസീന, മക്കളായ സഹറ, റുഷ്ദ ഫാത്തിമ, റൈന ഫാത്തിമ എന്നിവരെയാണ്‌ പൂരപ്പുഴയുടെ ആഴങ്ങൾ കവർന്നത്‌. ഇതിൽ സീനത്തും റസീനയും എട്ടുമാസമായ റൈനയും ഒഴികെയുള്ളവർ വിദ്യാർഥികളായിരുന്നു.  ഹസ്ന പരപ്പനങ്ങാടി ബിഇഎംഎച്ച്എസ് സ്കൂളിൽ പ്ലസ്‌ടു. ഫലം വന്നപ്പോൾ ഒന്നാം ക്ലാസോടെ വിജയിച്ചു. ഷംനയും ഷഹലയും ബിഇഎംഎച്ച്എസ് സ്കൂളിലായിരുന്നു. ഷംന പ്ലസ്ടുവിലേക്കും ഷഹല എട്ടിലേക്കും. ഫിദ മൂന്നിലേക്കും റുഷ്ദ രണ്ടിലേക്കുമാണ്‌ ജയിച്ചത്‌. ഇരുവരും നെടുവ സൗത്ത് എഎംഎൽപിയിലാണ്. സഹറ മൂന്നിലേക്ക് ടൗൺ ജിഎംഎൽപിയിലാണ്. അസ്നയും ഷംനയും താഴെയുള്ളവരെ പഠിപ്പിച്ചശേഷമായിരുന്നു അവരുടേത് പഠിച്ചിരുന്നത്. രാത്രി ഏറെ വൈകിയും മുഷിപ്പില്ലാതെ പുസ്തകങ്ങൾക്ക് മുമ്പിലുണ്ടായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റിലും റെഡ് ക്രോസിലുമെല്ലാം സജീവമായിരുന്ന ഹസ്നയുടെ ആഗ്രഹം നഴ്സാകുകയായിരുന്നു. ഉപ്പയുടെ പ്രയാസം കണ്ടറിഞ്ഞ് പഠിച്ച് മുന്നേറണമെന്ന ആഗ്രഹങ്ങളാണ് പൂരപ്പുഴയിൽ മുങ്ങിത്താഴ്ന്നത്. ഇനി ബാക്കിയുള്ളത്‌ മക്കളുടെ ഓർമകൾ നിറയുന്ന പുസ്‌തകങ്ങളും അവർ വരച്ച ചിത്രങ്ങളും ട്രോഫികളും പഴയ യൂണിഫോമുകളും. അവയെ താലോലിച്ച് നീറുകയാണ്‌ സൈതലവിയും സഹോദരൻ സിറാജും ഉമ്മ റുഖിയയും.  Read on deshabhimani.com

Related News