യന്ത്രങ്ങൾ വരുന്നു; കോവിഡ്‌ ലാബ്‌ ഉടൻ



മഞ്ചേരി കോവിഡ് പരിശോധനക്കായി മെഡിക്കൽ കോളേജിൽ പുതിയ ലാബ്‌ സജീകരിക്കുന്നു.  പുതിയ ലാബിനാവശ്യമായ യന്ത്രസാമഗ്രികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവരികയാണ്‌. ചെന്നൈയിൽനിന്ന് അനുബന്ധ ഉപകരണങ്ങൾ ഞായറാഴ്ച രാവിലെ എത്തിച്ചു. ബാക്കി യന്ത്രഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തും.  ലോക്ക് ഡൗൺ ആയതിനാൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതാണ് പ്രധാന ഭാഗങ്ങൾ എത്തിക്കുന്നതിന് തടസ്സമായത്. പഴയ അക്കാദമിക കെട്ടിടത്തിലെ  മൈക്രോബയോളജി ലാബിലാണ് പുതിയ സജീകരണങ്ങൾ. പ്രധാന യന്ത്രഭാഗങ്ങൾ എത്തിയാൽ ഉടൻ മഞ്ചേരിയിൽനിന്ന് സ്രവ പരിശോധന തുടങ്ങും. റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ടേഴ്സ് പിസിആർ എന്ന മോളിക്യുലാർ പരിശോധനാ  സംവിധാനമാണ് ഇവിടെ സജ്ജമാക്കുന്നത്. സ്രവ സാമ്പിളിൽനിന്ന് ആർഎൻഎ വേർതിരിച്ചെടുത്ത് നാലുമണിക്കൂറിനുള്ളിൽ  കോവിഡ് സ്ഥിരീകരിക്കാനാകും. 25 ലക്ഷം ചെലവിട്ടാണ് യന്ത്രങ്ങൾ എത്തിക്കുക.    സമൂഹവ്യാപനം സംഭവിച്ചാലുള്ള സാഹചര്യം  മുന്നിൽകണ്ടാണ് ലാബ് ഒരുക്കുന്നത്. ലാബ് തുറക്കുന്നതോടെ മലപ്പുറം, പാലക്കാട് ജില്ലകളിലെ രോഗികളുടെ സാമ്പിളുകൾ പരിശോധിക്കാനാകും.  ഇതുകൂടി കണക്കിലെടുത്താണ്‌ യുദ്ധകാലാടിസ്ഥാനത്തിൽ ലാബ് സജ്ജമാക്കുന്നത്‌. Read on deshabhimani.com

Related News