ബോട്ടുകൾ നാളെ കടലിലിറങ്ങും

ശനിയാഴ്‌ച അർധരാത്രിയോടെ ട്രോളിങ് നിയന്ത്രണം കഴിയും. അതിനു മുന്നോടിയായി വള്ളവും വലയും ഒരുക്കുന്നവർ. പുതിയാപ്പയിൽ നിന്നുള്ള കാഴ്ച.


ഫറോക്ക്  ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം ബോട്ടുകൾ  ഞായറാഴ്‌ച മീൻപിടിക്കാനിറങ്ങും. അറ്റകുറ്റപ്പണി തീർത്ത് ഭൂരിഭാഗം ബോട്ടുകളും പുതുമോടിയിലാണ് കടലിലിറങ്ങുക. ഇതിന് മുന്നോടിയായി ഇന്ധനം, വലകൾ, മറ്റ്‌ അനുബന്ധ ഉപകരണങ്ങൾ, റേഷൻ സാധനങ്ങൾ, കുടിവെള്ളം, ഐസ് തുടങ്ങിയവ ബോട്ടുകളിൽ സംഭരിച്ചു. ഒരേസമയം കൂടുതൽ ബോട്ടുകളിൽ ഇന്ധനം നിറയ്‌ക്കാൻ പ്രയാസമുള്ളതിനാൽ 26നുതന്നെ ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഡീസൽ ബങ്കുകൾ തുറക്കാൻ അനുവദിച്ചിരുന്നു.  ജില്ലയില്‍ രജിസ്റ്റർചെയ്‌ത 1222 ബോട്ടുകളുണ്ട്. ഇതിൽ പകുതിയും ബേപ്പൂരിലാണ്. മുന്നൂറ്റമ്പതോളം ബോട്ടുകൾ പുതിയാപ്പയിലും 70 ചെറു ബോട്ടുകൾ കൊയിലാണ്ടിയിലുമുണ്ട്. 26 മുതൽ വിവിധ മേഖലകളിലെ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഹാർബറിൽ സജീവമാണ്. ബോട്ടുകളിൽ മാത്രം ജോലിചെയ്യുന്ന ആറായിരത്തിലേറെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. എല്ലാ യാനങ്ങളും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ പെര്‍മിറ്റെടുക്കണമെന്നും തൊഴിലാളികൾ ഏഴു ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹാര്‍ബറിലേക്കുള്ള പ്രവേശനത്തിലും നിയന്ത്രണമുണ്ട്‌. ഹോള്‍ സെയില്‍, റീട്ടെയില്‍ വില്പനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും പ്രവേശനം.  ഫിഷിങ്‌ ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധാ ക്യാമ്പ് നടത്തുമെന്ന് കലക്ടര്‍ പറഞ്ഞു. മത്സ്യ വിപണന സമയം കഴിഞ്ഞാല്‍ ഹാര്‍ബറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകില്ല. കോവിഡ്‌ പ്രോട്ടോകോൾ ഉറപ്പാക്കാനായി കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി ബേപ്പൂരിലെത്തി ഹാർബർ മാനേജ്മെന്റ്‌ സൊസൈറ്റിക്ക്‌ നിർദേശം നൽകി.   Read on deshabhimani.com

Related News