കുടുംബത്തിനു നേരെ 
ലഹരി മാഫിയയുടെ അക്രമം



വടകര ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ എം പ്രവർത്തകനേയും കുടുംബത്തേയും ലഹരി സംഘം ആക്രമിച്ചു. സിപിഐ എം മണിയൂർ ചങ്ങരോത്ത്താഴ വെസ്റ്റ് ബ്രാഞ്ച് അംഗം വല്ലത്ത് രാജേഷിനെയും കുടുംബത്തെയുമാണ്‌ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചത്‌.  ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാജേഷും കുടുംബവും ഭാര്യവീടിനു സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനു പോവുന്നതിനിടെ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അക്രമിസംഘം രാജേഷിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച രാജേഷിനെ ഇടിക്കട്ടകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.  ഭാര്യയെ ആക്രമിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റു. ആക്രമണം കണ്ട് പേടിച്ച മൂത്ത കുട്ടിക്ക് കൗൺസലിങ് നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ നിർദേശിച്ചു.       തുറയൂർ ഇടിഞ്ഞ കടവിലുള്ള കറുകവയലിൽ താമസിക്കും മുക്കുനി നിതിൻ കൃഷ്ണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ  അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.       മൂന്ന് മാസം മുമ്പ് അട്ടക്കുണ്ട് പാലത്തിനടിയിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന സംഘവും നാട്ടുകാരും  സംഘർഷമുണ്ടായിരുന്നു. ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് രാജേഷായിരുന്നു. ഇതിന്‌ശേഷം  നിരന്തര ഭീഷണി ഉണ്ടായിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മണിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News