‘ഇധർ കോയി പ്രോബ്ലം നഹീ’



പുതിയങ്ങാടി വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന തെറ്റായ വാട്‌സ്‌ ആപ്‌ സന്ദേശം നാട്ടിലേക്കയച്ച്‌ അതിഥി തൊഴിലാളികൾ. അസം സ്വദേശികളുടെ തെറ്റായ സന്ദേശത്തിൽ ജില്ലാ ഭരണകൂടം ഒരുമണിക്കൂറിനകം നടപടിയെടുത്തു. അസമിലെ കൊത്രജ സ്വദേശികളായ ഏഴംഗ സംഘമാണ്‌ നാട്ടിലേക്ക് സന്ദേശമയച്ചത്. അധികൃതർ തൊഴിലാളികളുമായി സംസാരിച്ച്‌ തെറ്റിദ്ധാരണ നീക്കിയതോടെ തങ്ങൾക്കിവിടെ പ്രശ്‌നമൊന്നുമില്ലെന്ന്‌ ഇവർതന്നെ നാട്ടിലേക്ക് വീഡിയോ സന്ദേശമയച്ചു.  നേരത്തെ തൊഴിലാളികളുടെ തെറ്റായ സന്ദേശം ലഭിച്ചതോടെ ആശങ്കയിലായ കുടുംബാംഗങ്ങളും അസമിലെ ചില പ്രാദേശിക രാഷ്ട്രീയ പാർടികളും കോഴിക്കോട് ജില്ലാ കലക്ടറുടെ നമ്പർ കണ്ടെത്തി വാട്‌സ്‌ ആപ്‌ മെസേജ് കൈമാറി. പുതിയങ്ങാടി എന്ന സ്ഥലപ്പേര് ശ്രദ്ധയിൽപ്പെട്ട കലക്ടർ സ്‌പെഷൽ ബ്രാഞ്ചിനും റവന്യുവകുപ്പിനും തൊഴിലാളികളെ കണ്ടെത്താൻ നിർദേശം നൽകി. ഒരുമണിക്കൂറിനകം കൗൺസിലർ കെ കെ റഫീക്കിന്റെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എഴുപത്തഞ്ചോളം കെട്ടിട നിർമാണ തൊഴിലാളികൾ താമസിക്കുന്ന സ്ഥലവും സന്ദേശമയച്ച അസം തൊഴിലാളികളെയും കണ്ടെത്തി.  പ്രമുഖ കെട്ടിട നിർമാണ കമ്പനി പുതിയങ്ങാടിയിൽ കൊണ്ടുവന്ന തൊഴിലാളികളാണ്‌ തെറ്റായ സന്ദേശമയച്ചത്‌. അസമിലേക്ക് ട്രെയിനുണ്ടെന്നും ‘ഭക്ഷണക്ഷാമം’ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ നാട്ടിലേക്ക് പോകാനാവും എന്ന തോന്നലിലാണ് സന്ദേശമയച്ചതെന്നും ഇവർ വെളിപ്പെടുത്തി. തൊഴിലാളികൾക്ക് നല്ലഭക്ഷണവും കിടപ്പുമുറികളുമാണ് തൊഴിലുടമ നൽകിവരുന്നതെന്ന് റവന്യു ഉദ്യോഗസ്ഥർക്കും പൊലീസിനും ബോധ്യപ്പെട്ടു.  പുതിയങ്ങാടി വില്ലേജ് ഓഫീസർ അജയന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും കൗൺസിലർ കെ കെ റഫീക്‌, സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഓഫീസർ എം എസ് രാജേഷ് എന്നിവരാണ് അടിയന്തര ഇടപെടൽ നടത്തിയത്. Read on deshabhimani.com

Related News