ബ്ലൗസ്‌ തയ്‌ച്ച്‌ പ്രചാരണം, ഒപ്പം സമരമുഖവും

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ആർടിസാൻസ് യൂണിയൻ സംഘടിപ്പിച്ച ബ്ലൗസ് തയ്‌ക്കൽ മത്സരത്തിൽ നിന്ന്


കോഴിക്കോട്‌  വെറും 27 മിനിറ്റുകൊണ്ട്‌ ഭാവനയും 28 മിനിറ്റിനുള്ളിൽ വഹീദയും ബ്ലൗസ്‌ തയ്‌ച്ചത്‌ സമ്മേളന പ്രചാരണാർഥം മാത്രമായിരുന്നില്ല. കരകൗശല തൊഴിൽമേഖലയെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ വേറിട്ടൊരു സമരമുഖം തീർക്കുകയായിരുന്നു. ടൗൺഹാളിൽ നടന്ന മത്സരത്തിൽ 19 പേരാണ്‌ പങ്കെടുത്തത്‌.   ഡിസംബർ 17, 18, 19 തീയതികളിൽ കോഴിക്കോട്ട്‌ ചേരുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആർട്ടിസാൻസ്‌ യൂണിയൻ (സിഐടിയു) ടൗൺ ഏരിയാ കമ്മിറ്റിയാണ്‌ വേറിട്ട പരിപാടിയൊരുക്കിയത്‌. എല്ലാ മേഖലകളും വൻകിട കോർപറേറ്റുകൾ കൈയടക്കുന്ന കാലത്ത്‌ പലയിടങ്ങളിലും തയ്യൽ തൊഴിലും മറ്റും അന്യംനിന്നുപോവുകയാണ്‌. അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധനയും തൊഴിൽ സുരക്ഷയുമില്ലാത്തതിനാൽ ഈ മേഖലകളിൽ പുതുതലമുറ കടന്നുവരാൻ മടിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന്‌ സംഘാടകർ പറഞ്ഞു.  45 വയസ്സിനുതാഴെ യു ഭാവനയും എം വഹീദയും വിജയികളായി. 45 വയസ്സിനുമുകളിൽ സി പുഷ്‌പയ്ക്കും വസന്തയ്ക്കുമാണ്‌ സമ്മാനം. മത്സരം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ബാബു ഉദ്‌ഘാടനംചെയ്‌തു. പി മോഹനൻ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ, എൻ പി സുനീന്ദ്രൻ, ഇ അസീസ്‌, ടി കെ വേണു എന്നിവർ സംസാരിച്ചു. വിജയികൾക്ക്‌ ഡിസംബർ നാലിന്‌ സമ്മാനം നൽകും. Read on deshabhimani.com

Related News