ആഫ്രിക്കൻ ഒച്ചുകൾ നഗരത്തിൽ

കോട്ടൂളിയിൽ കണ്ടെത്തിയ ഒച്ചുകൾ


കോഴിക്കോട്‌ കൃഷി‌ക്കും ചെടികൾക്കും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകൾ നഗരമേഖലയിലും വ്യാപകമായി കാണുന്നു. കോട്ടൂളി പ്രദേശത്ത്‌ പലയിടത്തായാണ്‌ ആഫ്രിക്കൻ ഒച്ചുകളുള്ളത്‌. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ കോഴിക്കോട്‌ സെന്ററിലെ ശാസ്‌ത്രജ്ഞർ പ്രദേശം സന്ദർശിച്ചു.  കുറ്റിയിൽ താഴം, മുതുവേടത്ത്‌, പിപ്പിരിക്കാവ്‌ തുടങ്ങിയ ഭാഗങ്ങളിലാണ്‌ വീടിന്റെ ചുമരിനോട്‌ ചേർന്നും പരിസരത്തും ഒച്ചുകളുള്ളത്‌. ജില്ലയിൽ ചില ഭാഗങ്ങളിൽ നേരത്തെ കണ്ടിരുന്നുവെങ്കിലും നഗരമേഖലയിൽ ഒച്ചുകളെത്തിയിരുന്നില്ല. കുറ്റിക്കാടുകൾ നിറഞ്ഞ ഈ പ്രദേശങ്ങളിൽ  മാലിന്യം തള്ളുന്നത്‌ വർധിച്ചിട്ടുണ്ട്‌. ഇത്‌ ഒച്ചുകളുടെ എണ്ണം കൂടുന്നതിന്‌ ഇടയാക്കുന്നുണ്ട്‌.   ലോറിയിൽ മണ്ണ്‌ നീക്കം ചെയ്യുന്ന  സ്ഥലങ്ങളിൽ  ആ രീതിയിലാകാം ഒച്ചുകളെത്തിയതെന്ന്‌ സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിലെ ഡോ. പി എം സുരേഷ്‌ പറഞ്ഞു.   മണൽ,  കുതിർന്ന കോൺക്രീറ്റ്‌ കട്ടകൾ, കല്ലുകൾ  എന്നിവ‌ക്ക്‌ പുറമെ  പച്ചക്കറി വിളകളുമാണ്‌ ഭക്ഷണം. പെറ്റുപെരുകുന്ന ഇവയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്‌. മനുഷ്യരിൽ  മസ്‌തി‌ഷ്‌ക ജ്വരം പോലുള്ള അസുഖങ്ങൾക്കും  ഈ ഒച്ചുകൾ  കാരണമാകാറുണ്ട്‌.  അടുത്തയാഴ്‌ച വിപുലമായ യോഗം ചേർന്ന്‌ ഒച്ചിനെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാനിരിക്കയാണ്‌ നാട്ടുകാർ. Read on deshabhimani.com

Related News