ആനക്കല്ലുംപാറ വൈദ്യുതപദ്ധതി: തൃശൂർ കോർപറേഷൻ സംഘം സന്ദർശിച്ചു
സ്വന്തം ലേഖകൻ മുക്കം കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറക്ക് സമീപത്തെ ആനക്കല്ലുംപാറയിൽ ചെറുകിട ജലവൈദ്യുതി പദ്ധതി സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം തൃശൂർ കോർപറേഷൻ സംഘം സന്ദർശിച്ചു. പദ്ധതിയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തൃശൂർ കോർപറേഷനിലേക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സംഘം എത്തിയത്. ആനക്കല്ലുംപാറ പുഴയിൽ 66 മീറ്റർ നീളത്തിൽ തടയണ നിർമിച്ച് 580 മീറ്റർ നീളത്തിൽ പൈപ്പിട്ട് വെള്ളം താഴേക്ക് ചാടിച്ച് രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കും. വർഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് ലക്ഷ്യം. അത്രയും വൈദ്യുതി തൃശൂർ കോർപറേഷനിലേക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തൃശൂർ കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കരോളിൻ ജെറിഷ്, ഷീബ ബാബു, എൻ പ്രസാദ്, കെ രാമനാഥൻ, പദ്ധതി ഉപദേശക സമിതി അംഗങ്ങളായ ടി എസ് ജോസ്, സജി, പത്മരാജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. Read on deshabhimani.com