കുടിവെള്ളത്തിൽ പണികിട്ടും



കോഴിക്കോട്‌ നഗര–-തീരദേശ മേഖലകളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്റെയും ബാക്ടീരിയയുടെയും അളവ്‌ കൂടുന്നു. കേന്ദ്ര ഭൂഗർഭജല ബോർഡ്‌ കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലായി നടത്തിയ ഭൂജല മാപ്പിങ്ങിലാണ്‌ ഈ കണ്ടെത്തൽ. കോഴിക്കോട്‌ നഗരം, വടകര, തിക്കോടി, മൂടാടി, ചേമഞ്ചേരി, ചെലവൂർ, ദേവർകോവിൽ എന്നിവിടങ്ങളിലാണ്‌ ജലമലിനീകരണത്തിനിടയാക്കുന്ന തോതിൽ നൈട്രേറ്റുള്ളത്‌. കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ്‌, ശ്രീകണ്‌ഠാപുരം എന്നിവിടങ്ങളിലാണ്‌ നൈട്രേറ്റ്‌ സാന്നിധ്യം പ്രകടം. കുടിവെള്ളം ഒരു ലിറ്ററിൽ 45 മില്ലി നൈട്രേറ്റ്‌ ആണ്‌ അനുവദനീയം. ഇതിനേക്കാൾ ഉയർന്ന തോതിലാണ്‌  നൈട്രേറ്റ്‌ സാന്നിധ്യം.  മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും ദൂരപരിധി പാലിക്കാതെയുള്ള ശൗചാലയങ്ങളുമാണ്‌  നൈട്രേറ്റും ബാക്ടീരിയയും കൂടാൻ കാരണമെന്ന്‌ ഭൂജല ബോർഡിലെ ഹൈഡ്രോജിയോളജിസ്റ്റ്‌ രൂപേഷ്‌ ജി കൃഷ്‌ണൻ പറഞ്ഞു.  കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ സംസ്ഥാനത്ത്‌ പഠനത്തിനെടുത്ത 1600 സാമ്പിളിൽ നാല്‌ ശതമാനത്തിലാണ്‌ നൈട്രേറ്റ്‌ സാന്നിധ്യം.  ഇരുമ്പിന്റെ അംശവും പലയിടങ്ങളിലും കൂടുതലാണ്‌. തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്‌, ചേളന്നൂർ, കടലുണ്ടി, ചക്കിട്ടപാറ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്‌ ഇരുമ്പിന്റെ അംശം. ഒരു ലിറ്ററിൽ ഒരു മില്ലി ആണ്‌ അനുവദനീയം. പയ്യോളി, തിക്കോടി, തുറവൂർ, കൊയിലാണ്ടി, കടലുണ്ടി പ്രദേശങ്ങളിലെ പല കിണറുകളും ലവണാംശംമൂലം ഉപയോഗശൂന്യമായി.   Read on deshabhimani.com

Related News