കാട്ടുപന്നിയെ വെടിവച്ചുകൊന്നു ജഡത്തോട്‌ അനാദരവ്‌ കാട്ടിയതിനാൽ അനുമതി റദ്ദാക്കി



  തിരുവമ്പാടി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ച് കൊല്ലാൻ അനുമതി ലഭിച്ച കർഷകൻ പന്നിയുടെ ജഡത്തോട്‌ അനാദരവ്‌ കാണിച്ചതിനാൽ വെടിവയ്ക്കാനുള്ള അനുമതി റദ്ദാക്കി വനംവകുപ്പ്‌‌. കോകോട്ടുമലയിൽ എടപ്പാട്ടു കാവുങ്ങൽ ജോർജ് ജോസഫിനെതിരെയാണ്‌ നടപടി‌. പന്നിയെ വെടിവച്ച്‌ കൊന്ന‌ശേഷം ജഡത്തിൽ കാലും തോക്കും വച്ച്‌ ഫോട്ടോയെടുത്ത്‌ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌ കാണാനിടയായ  കോഴിക്കോട് ഡിഎഫ്ഒയാണ്‌ പന്നിയെ കൊല്ലാൻ നൽകിയ അനുമതി റദ്ദാക്കിയത്‌. കൂടത്തായി വില്ലേജിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ ശനിയാഴ്‌ച രാത്രിയാണ്‌ ജോർജ്‌ വെടിവച്ച്‌ കൊന്നത്. ഉപാധികളോടെ കാട്ടുപന്നിയെ കൊല്ലാനുള്ള സർക്കാർ ഉത്തരവ് ജില്ലയിൽ ആദ്യമായാണ്‌ നടപ്പാക്കിയത്‌.പ്രത്യേക അനുമതി കിട്ടി ഒമ്പതാം ദിവസമാണ് പന്നിയെ കൊന്നത്‌. കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്തിൽ ആറുപേർക്ക് വനംവകുപ്പ് അനുമതി നൽകിയിരുന്നു. ജനജാഗ്രതാ സമിതി ശുപാർശ ചെയ്യുന്ന കൃഷിയിടങ്ങളിലേ പന്നികളെ കൊല്ലാൻ അനുമതിയുള്ളൂ. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവരടങ്ങിയതാണ് സമിതി.   Read on deshabhimani.com

Related News