വായ്പാപരിധി വെട്ടിക്കുറച്ചത്‌ സാഡിസ്റ്റ് സമീപനം: കെ കെ ശൈലജ

സിപിഐ എം പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമിച്ച ഇ എം എസ് മന്ദിരം കേന്ദ്ര കമ്മിറ്റി അംഗം 
കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു


തിരുവമ്പാടി കേരളത്തിന് അർഹമായ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി സാഡിസ്റ്റ് സമീപനമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ഇതിനെ ഒരുമിച്ച് ചോദ്യംചെയ്യാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന്‌ അവർ ചോദിച്ചു. 
സിപിഐ എം പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമിച്ച ഇ എം എസ് സ്മാരക മന്ദിരം  ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ മത്തായി ചാക്കോ സ്മാരക വായനശാല ഉദ്ഘാടനംചെയ്തു. 
ഹാളിൽ ടി കെ ഗോപിനാഥന്റെ ഫോട്ടോ ലിന്റോ ജോസഫ് എംഎൽഎയും വി കെ പീതാംബരന്റെ ഫോട്ടോ ജോളി ജോസഫും ജറീഷ് ജോസഫിന്റെ ഫോട്ടോ വി കെ വിനോദും അനാച്ഛാദനം ചെയ്തു. ആദ്യകാല പ്രവർത്തകരെയും പ്ലസ്ടുവിന്‌ മുഴുവൻ മാർക്കും നേടിയ ഷാമിലി മരിയ ഷാനിയെയും കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയ മൊയ്തീൻ കുട്ടിയെയും ആദരിച്ചു. കെ ഡി ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി സി എൻ പുരുഷോത്തമൻ സ്വാഗതവും ജോസ് മാത്യു നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി. Read on deshabhimani.com

Related News