മണ്ണൂർ വടക്കുമ്പാട്ട് അഞ്ച് വീടുകളിൽ മോഷണം



കടലുണ്ടി   മണ്ണൂർ വടക്കുമ്പാട്ട് അഞ്ചുവീടുകളിൽ മോഷണം. രണ്ടുവീടുകളിൽനിന്നായി മൂന്നു പവൻ സ്വർണാഭരണങ്ങളും 5000 രൂപയും നഷ്ടമായി. മണ്ണൂർ വടക്കുമ്പാട്  കമാലിയ സ്കൂളിന് സമീപത്തായാണ് അടച്ചിട്ട മൂന്നെണ്ണമുൾപ്പെടെ അഞ്ചു വീടുകളിൽ കള്ളൻ കയറിയത്‌.  ചാമയിൽ അബ്ദുൽ അസീസ്, അങ്ങാടി വീട്ടിൽ ഷൈജേഷ്, തോട്ടത്തിൽ ടി ശിഹാബുദ്ദീൻ, ചക്കിട്ടക്കണ്ടി അബ്ദുൽ റസാഖ്, ജ്യേഷ്ഠ  സഹോദരൻ അബ്ദുൽ അസീസ് എന്നിവരുടെ വീടുകളിലാണ് കള്ളൻ കയറിയത്. ചാമയിൽ അസീസിന്റെ  വീട്ടിൽനിന്ന്‌ കുട്ടികളുടെ ബ്രേസ്‌ലെറ്റ്, പാദസരം, മോതിരം എന്നിവയും എ വി ഷൈജേഷിന്റെ വീട്ടിൽനിന്ന്‌ അയ്യായിരം രൂപയുമാണ്‌ കവർന്നത്. അസീസിന്റെ വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ തകർത്ത്‌ അകത്തുകടന്ന്‌ അലമാരയിൽനിന്നാണ്‌ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.  മറ്റു വീടുകളിൽ വാതിൽ പൊളിച്ച്‌ അകത്തുകയറി അലമാരകളിലെ സാധനങ്ങൾ വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.  ചക്കിട്ടക്കണ്ടി അബ്ദുൽ അസീസ്, സി റസാഖ്, എ വി ഷൈജേഷ് എന്നിവരുടെ വീടുകളിൽ മോഷണസമയത്ത് ആരുമുണ്ടായിരുന്നില്ല. അസീസിന്റെ കുടുംബം വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ്‌ കള്ളൻ കയറിയ വിവരമറിഞ്ഞത്. റസാഖിന്റെ കുടുംബം ഗൾഫിലാണ്. ഷൈജേഷ് വീട് അടച്ച്‌ ബന്ധുവീട്ടിൽ പോയതായിരുന്നു. ഫറോക്ക് എസ്ഐ പി ടി സൈഫുല്ലയുടെ നേതൃത്വത്തിൽ പൊലീസെത്തി  പരിശോധിച്ച് കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു. മോഷണം നടന്ന വീടുകളുടെ വാതിലുകളെല്ലാം തകർത്തിട്ടുണ്ട്. മുറികളിലെ അലമാരകളും മേശകളും പൊളിച്ച് വസ്ത്രങ്ങളും മറ്റും പുറത്ത് വാരിവലിച്ചിട്ടിട്ടുണ്ട്. Read on deshabhimani.com

Related News