യുവാവിന്റെ മരണം 
അപകടം മൂലമല്ല



നാദാപുരം  നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം  കാസർകോട് ചീമേനി സ്വദേശി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്ത്‌ പരിക്കേറ്റ്‌ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്ക്‌ ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌  വ്യക്തമാക്കുന്നു. അതിനിടെ, ശ്രീജിത്തിന്റെ കാറിൽനിന്ന്‌ ഒരാൾ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചതും ദുരൂഹത വർധിപ്പിച്ചു. വാഹനാപകടത്തിലെ പരിക്കല്ല മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷണം ഊർജിതമാക്കിയതായും നാദാപുരം ഡിവൈഎസ്‌പി  വി പി ലതീഷ് പറഞ്ഞു.  ശനിയാഴ്ച രാത്രിയാണ് കാരയിൽ കനാൽ പരിസരത്ത് ശ്രീജിത്തിനെ നാട്ടുകാർ ഗുരുതരാസ്ഥയിൽ കണ്ടത്. ശ്രീജിത്ത്‌ സഞ്ചരിച്ച കാർ സമീപത്ത്  വൈദ്യുതി തൂണിൽ ഇടിച്ച നിലയിലായിരുന്നു. മർദനത്തിൽ ക്ഷതമേറ്റ് ആന്തരികാവയവങ്ങൾ തകർന്നതായാണ്‌ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായും കോഴിക്കോട് മെഡിക്കൽ കോളജിൽ  നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സംഭവം നടക്കുമ്പോൾ കാറിലുണ്ടായിരുന്ന  ഒരാൾ  ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളാണ്‌ സമീപത്തെ സൂപ്പർമാർക്കറ്റിലെ സിസിടിവിയിൽനിന്ന്‌ പൊലീസിന്‌ ലഭിച്ചത്‌. ജീൻസും വെള്ള ഷർട്ടും ധരിച്ചയാളാണ് ഇറങ്ങിയോടിയത്‌. സംഭവത്തിൽ ശ്രീജിത്ത് പരിക്കേറ്റ് കിടന്ന കനാൽ പരിസരം റൂറൽ പോലീസ് മേധാവി കറുപ്പ് സാമിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം  കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News