ത്വക്‌ രോഗാശുപത്രിയിൽ തിരക്കോട്‌ തിരക്ക്‌



സ്വന്തം ലേഖകൻ കോഴിക്കോട്  ചേവായൂരിലെ ഗവ. ത്വക്‌ രോഗാശുപത്രി ഒപിയിൽ രോഗികളുടെ അനിയന്ത്രിത തിരക്ക്. 550ഓളം രോഗികളാണ് നിത്യേന ഒപിയിലെത്തുന്നത്‌. രാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ്‌.  2014ൽ ഒപി ആരംഭിച്ചകാലത്ത് പരമാവധി 100 രോഗികളാണ്‌ എത്തിയിരുന്നത്. മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും ത്വക്‌രോഗ ഒപിയുണ്ടെങ്കിലും രോഗികൾ കുറവാണ്. ത്വക്‌രോഗ ആശുപത്രിയിൽ മരുന്ന്‌ സൗജന്യമായി ലഭിക്കും. മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽനിന്നും രോഗികൾ എത്തുന്നതായി സൂപ്രണ്ട് ഡോ. എം കെ ശ്രീബിജു പറഞ്ഞു.   ചികിത്സ‌ക്കായി അഞ്ച് മണിക്കൂറിലേറെ ആശുപത്രിയിൽ ചെലവഴിക്കേണ്ട സ്ഥിതിയാണ്. മൂന്ന്  ചർമരോഗവിദഗ്ധരാണുള്ളത്. ഇതിൽ ഒരു ഡോക്ടർ ഒരാൾ തിയേറ്റർ ഡ്യൂട്ടിയിലാവുമ്പോൾ രണ്ടുപേരാണ്‌ ഒപിയിലുണ്ടാവുക. തിരക്കൊഴിയാത്തതിനാൽ ഉച്ച‌ക്ക് വളരെ വൈകിയാണ് ഒപി അവസാനിപ്പിക്കുന്നത്‌. 25 കിടപ്പുരോഗികളുമുണ്ട്. ഡോക്ടർമാരടക്കം നാൽപ്പതോളം ജീവനക്കാരുണ്ട്‌. കൂടുതൽ ഡോക്ടർമാർ വേണമെന്ന്‌ ആരോഗ്യവകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പറഞ്ഞു. ആശുപത്രിയുടെ വികസന മാസ്റ്റർ പ്ലാൻ സംബന്ധിച്ച പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News