പാടാണ്‌ നീന്തിക്കടക്കാൻ

നടക്കാവിലെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍കുളത്തിലെത്തിയ കുട്ടികളുടെ തിരക്ക്


കോഴിക്കോട്‌ നീന്തൽ സർട്ടിഫിക്കറ്റിനുള്ള പരിശോധനക്കായി നടക്കാവ്‌ നീന്തൽ കുളത്തിൽ വിദ്യാർഥികളുടെ തിരക്ക്‌.  പ്ലസ്‌വൺ പ്രവേശനത്തിന്‌ ബോണസ്‌ പോയന്റ്‌ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിനായാണ്‌  നടക്കാവിലെ സ്‌പോർട്‌സ്‌ കൗൺസിലിന്റെ പൂളിലേക്കുള്ള ഒഴുക്ക്‌. നീന്തൽ അറിയാത്തവരും കൂട്ടത്തിലുണ്ടെന്നതാണ്‌ സംഘാടകരെ കുഴക്കുന്നത്‌. മൂന്നാലുദിവസങ്ങളിലായി നൂറുകണക്കിന്‌ വിദ്യാർഥികളാണ്‌ ഇവിടെയെത്തിയത്‌. 400 പേർക്ക്‌ ഇതിനകം സർട്ടിഫിക്കറ്റ്‌ നൽകിയതായി സ്‌പോർട്‌സ്‌ കൗൺസിൽ സെക്രട്ടറി സുലൈമാൻ പറഞ്ഞു.  നീന്തൽ സർട്ടിഫിക്കറ്റ്‌ നൽകുന്നതിനായി സ്‌പോർട്‌സ്‌ കൗൺസിൽ ബ്ലോക്ക്‌ പഞ്ചായത്തുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ച്‌ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്‌.   ഇതറിയാതെ ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരും  നടക്കാവിലെ പൂളിലേക്കാണ്‌ എത്തുന്നത്‌. തുടർദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലും പരിശോധന നടക്കും. അന്നുതന്നെ സർട്ടിഫിക്കറ്റ്‌ നൽകും. സ്‌പോർട്‌സ്‌ കൗൺസിൽ ചുമതലപ്പെടുത്തിയ പരിശീലകർ ക്യാമ്പുകളിൽ പങ്കെടുക്കും.   29ന്‌ മൂടാടി, കീഴരിയൂർ, 30ന്‌ മേപ്പയ്യൂർ, അരിക്കുളം,  ജൂലൈ ഒന്നിന്‌ ചാത്തമംഗലം, ഒഞ്ചിയം, രണ്ടിന്‌ കായക്കൊടി, കാരശേരി, മൂന്നിന്‌ പയ്യോളി മുനിസിപ്പാലിറ്റി. നാലിന്‌ കൊയിലാണ്ടി, അഞ്ചിന്‌ പെരുമണ്ണ, ആറിന്‌ ചോറോട്‌ എന്നിങ്ങനെയാണ്‌ നീന്തൽ ക്യാമ്പുകൾ.  അവശേഷിക്കുന്ന പഞ്ചായത്തുകളിൽ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ പരിശോധന നടത്തും.  പ്ലസ്‌വൺ പ്രവേശനത്തിനുള്ള ബോണസ്‌ മാർക്കിന്‌ കഴിഞ്ഞവർഷം മുതലാണ്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെ നീന്തൽ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയത്‌.  നേരത്തെ പഞ്ചായത്ത്‌ അംഗങ്ങളും കൗൺസിലർമാരുമാണ്‌ സർട്ടിഫിക്കറ്റ്‌ അനുവദിച്ചിരുന്നത്‌. നീന്തൽ അറിയാത്തവരും യോഗ്യതാ സർട്ടിഫിക്കറ്റ്‌ നേടുന്നതായി പരാതി ഉയർന്നതോടെയാണ്‌ സ്‌പോർട്‌സ്‌ കൗൺസിലിനെ ചുമതലപ്പെടുത്തിയത്‌. Read on deshabhimani.com

Related News