കൗൺസിലിന്‌ അപമാനം: മേയർ



കോഴിക്കോട്‌ കോർപറേഷൻ കൗൺസിലിന്റെ ചരിത്രത്തിന്‌ അപമാനകരമാണ്‌ യുഡിഎഫ്‌,  ബിജെപി കൗൺസിലർമാരുടെ നടപടികളെന്ന്‌ മേയർ ഡോ. ബീന ഫിലിപ്പ്‌, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അങ്ങേയറ്റം ഹീനമായ സംഭവമാണിത്‌. വനിതാ മേയർക്കെതിരെയാണ്‌ അജൻഡയും മറ്റും വലിച്ചെറിഞ്ഞ്‌ അതിക്രമം കാണിച്ചത്‌.   കെട്ടിടനമ്പർ വിഷയത്തിൽ സസ്‌പെൻഷൻ ഉൾപ്പെടെ എല്ലാ കക്ഷിനേതാക്കളെയും ബോധ്യപ്പെടുത്തിയാണ്‌ കൈക്കൊണ്ടത്‌.  ഇപ്പോഴത്തെ ബഹളം അന്വേഷണം അട്ടിമറിക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ശ്രമമാണ്‌. ആരൊക്കെയോ അന്വേഷണത്തെ ഭയക്കുന്നുണ്ട്‌. നേരത്തെ ഉയർന്ന പരാതി വ്യാജ കെട്ടിടനമ്പറുമായി ബന്ധപ്പെട്ടല്ല. അത്‌ സോഫ്‌റ്റ്‌വെയറിലെ അപാകം സംബന്ധിച്ചായിരുന്നു. ഇൻഫർമേഷൻ കേരള മിഷനുമായി ചർച്ചചെയ്‌ത്‌ അത്‌ പരിഹരിച്ചതാണ്‌. പാസ്‌വേഡ്‌ ഇടയ്‌ക്കിടെ മാറ്റണമെന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചേർന്ന്‌ ജീവനക്കാരെ അറിയിച്ചതാണ്‌.  ഇപ്പോഴത്തേത്‌ അനധികൃത കെട്ടിടങ്ങൾക്ക്‌ വ്യാജ നമ്പർ നൽകിയ വിഷയമാണ്‌. ഗൗരവമായ വിഷയമായതിനാലാണ്‌ പ്രാഥമിക നടപടിയായി സസ്‌പെൻഷൻ. കൗൺസിലും കക്ഷിനേതാക്കളും ഒന്നിച്ചെടുത്ത തീരുമാനമാണത്‌. മറ്റൊരു ഇടപെടലില്ല. ശക്തമായ അന്വേഷണമാണ്‌ നടക്കുന്നത്‌. ഇതിൽനിന്ന്‌ ഒരടി പിന്നോട്ട്‌ പോകില്ലെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News