പട്ടികജാതി 
കോളനികളിൽ 
സമഗ്ര വികസനം



കോഴിക്കോട്‌  സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയിൽ  തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി സങ്കേതങ്ങളിലെ പരിശോധന  രണ്ടുദിവസത്തിനകം പൂർത്തിയാക്കും. പിന്നാക്കാവസ്ഥയിലുള്ള 27 കോളനികൾ  സന്ദർശിച്ച്‌  തയ്യാറാക്കുന്ന പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ വികസന രേഖയിലുൾപ്പെടുത്തുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ പ്രസിഡന്റ്‌ ഷീജ ശശി പറഞ്ഞു.  സംഘടിത പദ്ധതിയിൽ 50 ശതമാനം തുക ജില്ലാ പഞ്ചായത്തും 25 ശതമാനം തുകവീതം ബ്ലോക്ക്‌, ഗ്രാമപഞ്ചായത്തുകളും വകയിരുത്തും. ജില്ലാ പട്ടികജാതി വികസന ഓഫീസർ, ക്ഷേമ സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, പ്ലാൻ കോ ഓർഡിനേറ്റർ പി വി പ്രവീൺ, ഹെഡ്‌ക്ലർക്ക് വി കെ സുരേഷ്‌,  ജില്ലാ പഞ്ചായത്ത്‌ അംഗം എന്നിവരടങ്ങിയ സമിതിയാണ്‌ പരിശോധന നടത്തുക.  ജില്ലയിൽ 1200 സങ്കേതങ്ങളാണുള്ളത്‌.   വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാപഞ്ചായത്ത്‌ അധീനതയിലുള്ള വിദ്യാലയങ്ങളിലെ സന്ദർശനവും പുരോഗമിക്കുന്നു. ഇത്‌ മുപ്പതിനകം പൂർത്തീകരിക്കും. സർക്കാരിന്‌ വിട്ടുനൽകിയ മൂടാടി ശ്രീവാസുദേവാശ്രമം ഹയർസെക്കൻഡറി സ്‌കൂൾ ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്തായി പ്രസിഡന്റ്‌ അറിയിച്ചു. ഇതോടെ ജില്ലയിൽ ജില്ലാപഞ്ചായത്തിന്റെ  കീഴിൽ  45 സ്‌കളുകളായി.  പൂനൂർ പുഴയുടെ കക്കോടി ബണ്ട്‌ റോഡിനുസമീപം 1.39 കോടി രൂപ ചെലവഴിച്ച്‌ സംരക്ഷണ ഭിത്തി നിർമിക്കാൻ തീരുമാനിച്ചു. യോഗത്തിൽ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, വികസന സമിതി അധ്യക്ഷരായ എൻ എം വിമല, വി പി ജമീല, കെ വി റീന, പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ മുക്കം മുഹമ്മദ്‌, രാജീവ്‌ പെരുമൺപുറ സെക്രട്ടറി ടി അഹമ്മദ്‌ കബീർ  തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News