വൈദ്യുതിക്കാൽ വീണു മരണം: 
2 ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ



ഫറോക്ക് ബേപ്പൂർ നടുവട്ടത്ത്  വ്യാഴാഴ്‌ച പാതയോരത്തെ വൈദ്യുതിക്കാൽ വീണ്‌ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടു കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കെഎസ്ഇബി ബേപ്പൂർ ഇലക്ട്രിക്കൽ സെക്‌ഷനിലെ മുൻ അസി. എൻജിനിയർ ടി ജി ടെനി, നിലവിലെ സബ് എൻജിനിയർ പി ബിനീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്‌. ചീഫ് എൻജിനിയർ (ഹ്യൂമൻ റിസോഴ്സ്) ആണ്‌ ചൊവ്വാഴ്ച ഉത്തരവിറക്കിയത്‌. ബേപ്പൂർ നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിന് എതിർവശം പഴയ കെട്ടിടത്തിന് മുമ്പിലുള്ള വൈദ്യുതിക്കാൽ മാറ്റവേ റോഡിലേക്ക് ഒടിഞ്ഞ്‌ തലയിൽ വീണാണ്‌ ബേപ്പൂർ മഞ്ചക്കൽ അർജുൻ (21) ദാരുണമായി മരിച്ചത്. പുതിയ കാൽനാട്ടി മാസങ്ങൾ കഴിഞ്ഞിട്ടും പഴയ കാൽ മാറ്റാതിരുന്നെന്നും ഇതിന്റെ നടപടിക്രമങ്ങൾ നേരത്തേ പൂർത്തിയാക്കിയതായി ഓഫീസ് രേഖകളിലുണ്ടെന്നും കെഎസ്ഇബി കോഴിക്കോട് സർക്കിൾ ചീഫ് എൻജിനിയറുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ കാലയളവിൽ ചുമതലക്കാരായിരുന്ന ഉദ്യോഗസ്ഥരെന്ന നിലയിലാണ് വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തത്. അസി. എൻജിനീയർ ടെനി നിലവിൽ തൃശൂർ കൂർക്കഞ്ചേരി ഇലക്ട്രിക്കൽ സെക്ഷനിലാണ്. സംഭവത്തെക്കുറിച്ച്‌ 25ന് തന്നെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. തിങ്കളാഴ്‌ച ഡിസ്ട്രിബ്യൂഷഷൻ ചീഫ് എൻജിനീയറും (നോർത്ത്) റിപ്പോർട്ട് നൽകി.  അറസ്റ്റിലായ കരാറുകാരനായ ചെമ്മരശ്ശേരി ആലിക്കോയ റിമാൻഡിലാണ്‌. Read on deshabhimani.com

Related News