കുരുങ്ങുമെന്നായപ്പോൾ നഗരസഭാധ്യക്ഷ കള്ളം പ്രചരിപ്പിക്കുന്നു



രാമനാട്ടുകര നഗരസഭയിലെ വ്യാജ വീട്ടുനമ്പർ വിഷയത്തിൽ യുഡിഎഫ് കുരുക്കിലാകുമെന്ന് ഉറപ്പായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം. എൽഡിഎഫ് കൗൺസിലർമാരുടെ ആവശ്യത്തിന് വഴങ്ങിയാണ് ക്രമക്കേട് വിജിലൻസ് അന്വേഷിക്കാൻ ശുപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ തീരുമാനിച്ചത്. നഗരസഭാ സെക്രട്ടറിതന്നെ നഗരസഭാ ഓഫീസ് കേന്ദ്രീകരിച്ചുള്ള ക്രമക്കേടും തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായ ഭരണക്കാർ വനിതയായ അവരോട് പകവീട്ടുകയാണ്. ഇതിന്റെ ഭാഗമായാണ്‌ സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചെന്ന കള്ളം നഗരസഭാധ്യക്ഷ പ്രചരിപ്പിക്കുന്നത്. പ്രസ്താവന വാസ്തവവിരുദ്ധവും കുറ്റക്കാരെ രക്ഷിക്കുന്നതിനുമാണെന്ന് പ്രതിപക്ഷ നേതാവ് എം കെ ഗീത വാർത്താക്കുറിപ്പിൽ പറഞ്ഞു. അഴിമതിക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എൽഡിഎഫ് പ്രക്ഷോഭം തുടരുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News