ഇടനിലക്കാരൻ കോൺഗ്രസ്‌ നേതാവ്‌



കോഴിക്കോട്‌ കോർപറേഷനിൽ സോഫ്‌റ്റ്‌വെയറിന്റെ പാസ്‌വേഡ്‌ ചോർത്തി  വ്യാജ കെട്ടിട നമ്പർ അനുവദിച്ച കേസിൽ അറസ്‌റ്റിലായത്‌ കോൺഗ്രസ്‌ നേതാവ്‌. സംഭവത്തിൽ  ഇടനിലക്കാരനായി പ്രവർത്തിച്ച പി കെ ഫൈസൽ അഹമ്മദ്‌  ആണ്‌  അറസ്‌റ്റിലായത്‌. വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശിയായ ഇയാൾ ചേവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റാണ്‌. മുൻ ഡെപ്യൂട്ടി മേയറായ  കോൺഗ്രസ്‌ നേതാവിന്റെ മകനുമാണ്‌. ക്രമക്കേട്‌ യുഡിഎഫ്‌ രാഷ്‌ട്രീയ  ആയുധമാക്കുന്നതിനിടയിലാണ്‌ കോൺഗ്രസ്‌ നേതാവിന്റെ പങ്ക്‌ പുറത്തായത്‌.   കാരപ്പറമ്പ്‌ കരിക്കാംകുളത്ത്‌ അബൂബക്കർ സിദ്ദിഖിന്റെ  കെട്ടിടത്തിന്‌ നമ്പർ ലഭിക്കുന്നതിനാണ്‌  പണം കൈപ്പറ്റി ഇടനിലക്കാരനായത്‌.  ടൗൺ പ്ലാനിങ്‌ വിഭാഗത്തിൽ നിന്ന്‌ വിരമിച്ച  ജീവനക്കാരൻ പി സി കെ രാജനെയാണ്‌ നമ്പർ ലഭിക്കാനായി കെട്ടിടം ഉടമ ആദ്യം സമീപിച്ചത്‌.  രാജനാണ്‌ ഫൈസൽ അഹമ്മദിനെ ബന്ധപ്പെടുത്തിയത്‌.  ഫൈസലിന്റെ ആവശ്യപ്രകാരം തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക്‌ അനിൽ കുമാറാണ്‌ വ്യാജ നമ്പർ തരപ്പെടുത്തി നൽകിയത്‌.  സംഭവത്തിലെ മറ്റു രണ്ട്‌ ഇടനിലക്കാരുമായും ഫൈസൽ അഹമ്മദിന്‌ ബന്ധമുണ്ട്‌.  നേരത്തേ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ഭാരവാഹിയായിരുന്നു. റിയൽ എസ്‌റ്റേറ്റ്‌,  ഹോട്ടൽ വ്യവസായ ബന്ധങ്ങളുള്ള  ഫൈസൽ അഹമ്മദിന്‌ കെ സി അബു അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി അടുപ്പമുണ്ട്‌. Read on deshabhimani.com

Related News