ബാൻഡ്‌ മേളം മുഴങ്ങും സർക്കാർ സ്‌കൂളുകളിൽ



കോഴിക്കോട്‌ പത്രാസുള്ള സ്‌കൂളുകളാണ്‌ കലോത്സവങ്ങളിൽ ബാൻഡ്‌ മത്സരത്തിൽ പങ്കെടുത്ത്‌ വിജയക്കൊടി ഉയർത്താറ്‌. ബാൻഡ്‌ സെറ്റും പരിശീലക ഫീസും പളപളപ്പുള്ള യൂണിഫോമുമൊന്നും സർക്കാർ സ്‌കൂളുകളുടെ കൊക്കിൽ ഒതുങ്ങില്ല. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായപ്പോഴും ബാൻഡിൽ മാറ്റത്തിന്റെ പെരുമ്പറ മുഴങ്ങിയില്ല.  അതിന്‌ പരിഹാരവുമായാണ്‌ ജില്ലാ പഞ്ചായത്ത്‌ ആറ്‌ വിദ്യാലയങ്ങളിൽ ബാൻഡ്‌ സെറ്റ്‌ സജ്ജമാക്കുന്നത്‌. 21 പേർ ഉൾപ്പെടുന്ന സംഘത്തെയാണ്‌ ജില്ലാ പഞ്ചായത്തിന്റെയും സ്‌കൂൾ പിടിഎയുടെയും നേതൃത്വത്തിൽ ഒരുക്കുക.  അവിടനല്ലൂർ എൻ എൻ കക്കാട്‌ സ്‌മാരക ഗവ. ഹയർസെക്കൻഡറി, മടപ്പള്ളി ഗവ.ഹയർസെക്കഡറി, വളയം ഗവ. ഹയർ സെക്കൻഡറി, കൊളത്തൂർ എസ്‌ജിഎം ഗവ. ഹയർസെക്കൻഡറി, നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ബുധനാഴ്‌ച ജില്ലാ പഞ്ചായത്ത്‌ ഉപകരണങ്ങൾ കൈമാറും.  1,62,000 രൂപയുടെ വാദ്യോപകരണങ്ങളാണ്‌ ഓരോ സ്‌കൂളിനും നൽകുക. 10 ലക്ഷം രൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ നീക്കിവച്ചത്‌. യൂണിഫോം, പരിശീലകനുള്ള പ്രതിഫലം, മറ്റുചെലവുകൾ എന്നിവ വിദ്യാലയങ്ങൾ കണ്ടെത്തണം. ഇതിന്‌ തയ്യാറായ വിദ്യാലയങ്ങളെയാണ്‌  തെരഞ്ഞെടുത്തത്‌. വരുംവർഷങ്ങളിൽ ഈ വിദ്യാലയങ്ങൾക്ക്‌ തുടർസഹായവും പരിഗണനയിലുണ്ട്‌. അധ്യയന സമയം നഷ്ടപ്പെടുത്താതെയാവും പരിശീലനം. Read on deshabhimani.com

Related News