പീഡനത്തിനിരയായ 
റഷ്യൻ യുവതി 
നാട്ടിലേക്ക് തിരിച്ചു



ബാലുശേരി  ആൺ സുഹൃത്തിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യാശ്രമം നടത്തിയ   റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. കരിപ്പൂരിൽനിന്ന് ചൊവ്വ രാവിലെ ദുബായ് ഫ്ലൈറ്റിലാണ്‌ യാത്രതിരിച്ചത്. ദുബായിൽനിന്ന്‌   നാട്ടിലേക്ക് പോകുമെന്ന്‌ യുവതി പറഞ്ഞു. റഷ്യൻ കോൺസുലേറ്റ് സഹായത്തോടെ പൊലീസാണ് യാത്രയാക്കിയത്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും  യുവതിയുടെ മെയിൽ ഐഡിയും  വിലാസവുമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയെ ഡിസ്ചാർജ്‌ ചെയ്തശേഷം തിങ്കളാഴ്ച കോഴിക്കോട് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.  പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൺ സുഹൃത്ത് കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിൽ (28) റിമാൻഡിലാണ്. ഇയാൾ ലഹരിക്ക് അടിമയായിരുന്നു. വൈദ്യപരിശോധനാ റിപ്പോർട്ടിൽ ക്രൂരപീഡനം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്‌.  ശരീരത്തിൽ മുറിവേറ്റതിന്റെ പാടുകളുണ്ട്‌. ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതി പൊലീസിന് ദ്വിഭാഷി മുഖേന മൊഴിനൽകിയിരുന്നു. രഹസ്യമൊഴി പേരാമ്പ്ര മജിസ്ട്രേട്ട്‌  രേഖപ്പെടുത്തിയിരുന്നു.  കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി അക്രമത്തിനിരയായി ആൺ സുഹൃത്തിന്റെ വീടിന്റെ ടെറസിൽനിന്ന്‌ ചാടിയത്‌. ഖത്തറിലായിരുന്ന ആഖിലുമായി ഇൻസ്റ്റഗ്രാം മുഖേനയാണ് പരിചയപ്പെട്ടത്. ഖത്തറിൽ ആഖിലിന് ഒപ്പമെത്തിയ ഇവർ കഴിഞ്ഞമാസമാണ് ഇന്ത്യയിലേക്ക്‌ വന്നത്. 19-ന് കൂരാച്ചുണ്ടിലെ വീട്ടിലെത്തി. സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ്  വിശദീകരണം ആവശ്യപ്പെട്ടിരുന്നു. യുവതിക്ക് താമസ സൗകര്യവും നിയമ സഹായവും ഒരുക്കുമെന്ന്‌ സംസ്ഥാന വനിതാ കമീഷൻ അറിയിച്ചിരുന്നു.   കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ പി സുനിൽകുമാറിനാണ് അന്വേഷണച്ചുമതല Read on deshabhimani.com

Related News