കെഎസ്‌കെടിയു ജാഥ വയനാട്ടിൽ പര്യടനം പൂർത്തിയാക്കി

കെഎസ്‌കെടിയു സംസ്ഥാന സെക്രെട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ‘കൃഷി, ഭൂമി, പുതിയ കേരളം’ കർഷക തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥക്ക് ബത്തേരിയിൽ നൽകിയ സ്വീകരണം


കൽപ്പറ്റ/താമരശേരി കെഎസ്‌കെടിയു നേതൃത്വത്തിൽ  ‘കൃഷി, ഭൂമി, പുതുകേരളം’ എന്ന മുദ്രാവാക്യമുയർത്തിയുള്ള കർഷകത്തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥ വയനാട്ടിൽ പര്യടനം പൂർത്തിയാക്കി. കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥക്ക്‌  മണ്ണിൽ പൊന്നുവിളയിക്കുന്ന വയനാട്ടിൽ ഉജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌. നൂറുകണക്കിന്‌  കർഷകത്തൊഴിലാളികളാണ്‌ സ്വീകരണകേന്ദ്രങ്ങളിലെത്തിയത്‌.   കണ്ണൂരിലെ പര്യടനം പൂർത്തിയാക്കിയ ജാഥയെ ശനി രാവിലെ തലപ്പുഴയിൽ വരവേറ്റു. തുടർന്ന്‌ പനമരം, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ്‌ സ്വീകരണമൊരുക്കിയത്‌. ജില്ലയിലെ സ്വീകരണത്തിനുശേഷം ജാഥ വൈകിട്ട്‌ കോഴിക്കോട്‌ ജില്ലയിലേക്ക്‌ പ്രവേശിച്ചു.  ജില്ലാ അതിർത്തിയായ അടിവാരത്തുവച്ച്‌ വരവേറ്റു. താമരശേരിയിലായിരുന്നു  കോഴിക്കോട്‌ ജില്ലയിലെ ആദ്യ സ്വീകരണം.       മിച്ചഭൂമി -പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക  തുടങ്ങിയ ആവശ്യങ്ങളും ‌ ജാഥ മുന്നോട്ടുവയ്‌ക്കുന്നു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  ലളിത ബാലൻ ഡെപ്യൂട്ടി ലീഡറും സംസ്ഥാന ട്രഷറർ സിബി ദേവദർശൻ മാനേജരുമായ ജാഥയിൽ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ എന്നിവരാണ്‌ അംഗങ്ങൾ. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനും അംഗങ്ങൾക്കും പുറമെ കെഎസ്‌കെടിയു വയനാട്‌ ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ, സെക്രട്ടറി സുരേഷ്‌ താളൂർ തുടങ്ങിയവർ സംസാരിച്ചു.   ഞായർ  രാവിലെ 9.30-ന് പേരാമ്പ്രയിൽനിന്ന്‌ ജാഥ ആരംഭിക്കും. വൈകിട്ട്‌ അഞ്ചിന്‌ കോഴിക്കോട് കടപ്പുറത്ത്‌ സമാപിക്കും.   Read on deshabhimani.com

Related News