വസൂരിയും പൊള്ളിക്കാത്ത നാടകകാരൻ

വിന്റർ ജോസഫിനെ യു എ ഖാദർ ആദരിക്കുന്നു (ഫയൽ ചിത്രം)


കോഴിക്കോട്‌ വിന്റർ വിശ്വനാഥനെന്ന നാടക കലാകാരന്റെ അന്ത്യത്തോടെ കോഴിക്കോടിന്‌ നഷ്ടമാകുന്നത്‌  വസൂരി വന്ന്‌ പൊളച്ചിട്ടും അരങ്ങ്‌ മുടക്കാതെ നാടകത്തെ നെഞ്ചേറ്റിയ അതുല്യ പ്രതിഭയെ. വാസുപ്രദീപിന്റെ നാടകങ്ങളടക്കം അഞ്ഞൂറിലധികം നാടകങ്ങൾക്കാണ്‌ എൻ ടി വിശ്വനാഥനെന്ന വിന്റർ വിശ്വനാഥ്‌ സംഗീതം പകർന്നത്‌.  തിരുവനന്തപുരത്ത്‌ വിക്രമൻ നായർ ട്രോഫിക്കുവേണ്ടിയുള്ള നാടക മത്സരത്തിന്റെ റിഹേഴ്‌സലിനിടെ വിശ്വനാഥന്‌ വസൂരി പിടിപെട്ടു. കഴുത്തിലും നെഞ്ചിലുമുണ്ടായിരുന്ന പോളകൾ ആരെയുമറിയിക്കാതെ അദ്ദേഹം നാടകം അരങ്ങേറുംവരെ പിടിച്ചുനിന്നു. അത്രമേൽ   കലയെ നെഞ്ചേറ്റിയിരുന്നു വിശ്വനാഥൻ.  മിഠായി തെരുവിൽ വിന്റർ ആർട്‌സ്‌ എന്ന സ്ഥാപനം തുടങ്ങിയതോടെയാണ്‌ വിന്റർ വിശ്വനാഥനായത്‌. ബോർഡുകൾ, സ്ലൈഡുകൾ, സീനറികൾ എന്നിവയെല്ലാം ഇവിടെ പിറന്നു.  നെല്ലിക്കോട്‌ കുണ്ടനാരി അപ്പുനായരാണ്‌ വിശ്വനാഥനെ നാടകലോകത്തേക്ക്‌ കൈപിടിച്ച്‌ നടത്തിയത്‌. സംഗീതലോകത്ത്‌ പരീക്ഷണങ്ങൾ തുടങ്ങിവച്ച കാലത്തായിരുന്നു അത്‌. കിണ്ണം, പളുങ്കാഗോട്ടി, ശംഖുമാല, ഹാർഡ്‌ബോർഡ്‌, സിങ്ക്‌ ഷീറ്റ്‌, ചങ്ങല, കണ്ണാടിക്കഷ്‌ണങ്ങൾ എന്നിവയെല്ലാം വിശ്വനാഥന്‌ സംഗീതോപകരണങ്ങളായി.  അതിനിടെ വീടിനടുത്തുള്ള സ്‌കൂളിൽ ചിത്രകലാധ്യാപകനായി ജോലികിട്ടിയതോടെയാണ്‌ വാസുപ്രദീപുമായി പരിചയപ്പെട്ടത്‌. അത്‌ ജീവിതത്തിൽ വലിയ വഴിത്തിരിവായെന്ന്‌ വിശ്വനാഥ്‌ പലപ്പോഴും ഓർമിച്ചിരുന്നു. വാസുപ്രദീപിന്റെ ‘തൂക്കമൊത്ത തലമുറ’ മുതൽ 32 നാടകങ്ങൾക്കാണ്‌ സംഗീതം പകർന്നത്‌. എ കെ അബ്ദുള്ളയുടെ കാലം, ഏണാങ്ക ശേഖരന്റെ അതിരാത്രം, പള്ളിക്കര വി പി മുഹമ്മദിന്റെ ഉൽപ്പത്തി, കെ ടി രവിയുടെ ചിലങ്ക, ടി മമ്മദ്‌ കോയയുടെ കുടുക്കുകൾ, വത്സൻ നെല്ലിക്കോടിന്റെ മൃത്യുഞ്ജയം എന്നീ നാടകങ്ങൾക്കെല്ലം അദ്ദേഹം സംഗീതമൊരുക്കി.സാഫല്യം, കീർത്തി മുദ്ര, സന്ധി, ശിൽപ്പം തുടങ്ങിയ റേഡിയോ നാടകങ്ങളിലൂടെ നാടകകൃത്തായും ശ്രദ്ധേയനായി. Read on deshabhimani.com

Related News