വെടിയുണ്ടപോലെ ചോദ്യം; 
ശരവേഗമാർന്ന്‌ ഉത്തരം

എൽ പി വിഭാഗം ക്വിസ് 
മത്സരത്തിൽ 
നിന്ന്


 സ്വന്തം ലേഖകൻ കോഴിക്കോട്‌  സ്‌ക്രീനിൽ ലോകം ഏറ്റവും കൂടുതൽ ചർച്ചചെയ്‌ത ഒരു മുഹൂർത്തത്തിന്റെ ചിത്രമാണ്‌ തെളിഞ്ഞത്‌. ലോകകപ്പ്‌ ഫുട്‌ബോളിലെ കളിക്കളത്തിൽ വെള്ളയിൽ നീലവരകളുള്ള ജഴ്‌സിയിൽ ‘ഫുട്‌ബോളിന്റെ ദൈവ’ത്തെ കാണാം. ഫുട്‌ബോളാണ്‌ ചോദ്യമെന്നതുകൊണ്ടാവണം കുട്ടികളൊക്കെ ഉഷാറായി. കൂട്ടത്തിലൊരു ബ്രസീലിന്റെ കട്ടഫാനിന്‌ ചോദ്യം അർജന്റീനയെ കുറിച്ചായത്‌ അത്രപിടിച്ചിട്ടില്ല എന്നത്‌ മുഖത്തെഴുതിവച്ചിട്ടുണ്ട്‌.  1986ലെ  ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിലെ ഗോളുകളെക്കുറിച്ചാണ്‌ ചോദ്യം. മാറഡോണ നേടിയ രണ്ടുഗോളുകൾ ചരിത്രത്തിലിടംനേടി. ആറ്‌ ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി മാറഡോണ നേടിയ രണ്ടാംഗോൾ നൂറ്റാണ്ടിന്റെ ഗോൾ എന്നാണറിയപ്പെടുന്നതെന്ന്‌ ക്വിസ്‌ മാസ്‌റ്ററുടെ വിശദീകരണം. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈകൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ഏത്  പേരിലാണ്‌ അറിയപ്പെടുന്നതെന്ന ചോദ്യം പിന്നാലെയെത്തി. ഇന്നലെയും വായിച്ചതാണല്ലോ, അയ്യടായെന്ന്‌ ഡെസ്‌കിൽ മുഖം പൂഴ്‌ത്തി  ഒരാൾ ആലോചനയിലായി. കളിക്കമ്പക്കാർ പലരും പൊടുന്നനെ ഉത്തരമെഴുതി ഹാപ്പിയായി. ദൈവത്തിന്റെ കൈ എന്ന്‌ ക്വിസ്‌മാസ്‌റ്റർ ഉത്തരം പ്രഖ്യാപിച്ചപ്പോൾ ശരിയുത്തരക്കാരിൽനിന്ന്‌ ആരവമുയർന്നു.  സ്‌റ്റെയ്‌പ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരത്തിലെ യുപി സ്‌കൂളുകാരുടെ മത്സരം വെടിയുണ്ടപോലുള്ള ചോദ്യങ്ങളും അതേക്കാൾ ചടുലമാർന്ന ഉത്തരങ്ങളുമായി സജീവമായിരുന്നു. പാഠപുസ്‌തകത്തിനും അപ്പുറത്തേക്കുള്ള വിജ്ഞാനത്തിന്റെയും നിരീക്ഷണപാടവത്തിന്റെയും പരന്ന വായനയുടെയും ആഴമളക്കുന്നതായിരുന്നു മത്സരം. പുതുതലമുറയുടെ പ്രതിഭയെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള സന്ദേഹങ്ങളെയെല്ലാം അപ്രസക്തമാക്കുന്നുണ്ട്‌ എൽപി മുതൽ ഹയർസെക്കൻഡറി തലം വരെയായി നടന്ന മത്സരത്തിലെ കാഴ്‌ചകൾ.   എൽപി വിഭാഗക്കാരുടെ മത്സരത്തിനിടെ സ്‌ക്രീനിൽ ദൃശ്യം തെളിഞ്ഞു. കർത്തവ്യപഥെന്ന ബോർഡ്‌ കാണാം. നേരത്തെ രാജ്‌പഥെന്നും കിംഗ്‌സ്‌വേയെന്നും പേരുള്ള  ഈ പാത എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നുവെന്ന ചോദ്യം വരുംമുമ്പേ ഉത്തരമെഴുത്ത്‌ തുടങ്ങി ചിലർ. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ്‌ വരെയെന്ന്‌ ശരിയുത്തരത്തിലേക്ക്‌ ചിലർ പൊടുന്നനെയെത്തി.  ശാസ്‌ത്രവും സാഹിത്യവും ചരിത്രവും വിവരസാങ്കേതികവിദ്യയും കലയും സംസ്‌കാരവും മുതൽ കുഞ്ഞുങ്ങളിലെ ആർജിത അറിവിന്റെ ഉൾപ്പെടെ ഉരകല്ലായി മാറി എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അരങ്ങേറിയ മത്സരം. ഡോ. എം കെ സൂര്യനാരായണൻ, ബോബി ജോസഫ്‌, എസ്‌ ശ്രീചിത്ത്‌, കെ പ്രബീഷ്‌ കുമാർ എന്നിവരായിരുന്നു ക്വിസ്‌ അവതാരകർ. Read on deshabhimani.com

Related News