വടകര റസ്റ്റ് ഹൗസിൽ മന്ത്രിയുടെ 
മിന്നൽ പരിശോധന



വടകര വടകര റസ്റ്റ്ഹൗസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പഴയ സ്റ്റാൻഡിനു സമീപത്തെ റസ്റ്റ്ഹൗസില്‍ മന്ത്രി എത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് പുറമെ ആര്‍ഡിഒ ഓഫീസും അടങ്ങുന്നതാണ് കെട്ടിടം. കെട്ടിടത്തിന് പുറകിലെ മാലിന്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി പരിസരം പരിശോധിച്ചു. റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യത്തില്‍നിന്ന്‌ മദ്യക്കുപ്പി ഉൾപ്പെടെ കണ്ടെത്തിയത് നീക്കം ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.  റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. ശുചിത്വം ഉറപ്പുവരുത്താൻ എല്ലാ റസ്റ്റ് ഹൗസുകളും സ്വമേധയാ തയ്യാറായി മുന്നോട്ടു വരികയാണ്. എന്നാൽ വടകരയിൽ സന്ദർശനം നടത്തിയപ്പോൾ അവിടെ വൃത്തിഹീനമായ സാഹചര്യമായിരുന്നു കണ്ടത്. പരിസരത്ത് മദ്യക്കുപ്പി ഉൾപ്പെടെ കണ്ടത് വച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ല. റസ്റ്റ്ഹൗസിൽ അത്തരമൊരു രീതി എങ്ങനെ വന്നുവെന്നത് ഗൗരമവുള്ള വിഷയമാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടതായി മന്ത്രി വടകരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. Read on deshabhimani.com

Related News