വായനശാലാ ഭൂമിയിലെ 
മരം മുറിച്ചു



    നാദാപുരം ഈയ്യങ്കോട് ദേശപോഷിണി വായനശാലാ ഭൂമിയിലെ മരങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെ മുറിച്ചുമാറ്റി. വൈദ്യുത ലൈനിൽ മുട്ടുന്ന മരങ്ങൾ മുറിക്കുന്നതിന്റെ മറവിലാണ് മരം മുറി. വായനശാല  സ്ഥാപകർ നട്ട് പരിപാലിച്ച  ലക്ഷങ്ങൾ വിലയുള്ള വൻമരങ്ങളാണ് മുറിച്ചത്. സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ  പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും  പാലിച്ചിട്ടില്ല. മരം മുറിക്കുന്നത് പരസ്യപ്പെടുത്തി തുക നിശ്ചിയിച്ചാണ് മുറിച്ചുമാറ്റുന്നത്.  എന്നാൽ ഇതൊന്നും പാലിക്കാതെ മരം മുറിച്ചു.  മരംമുറിക്കുന്നതിനെക്കുറിച്ച്‌   അറിഞ്ഞില്ലെന്ന് സെക്രട്ടറി എം പി റെജുലാൽ പറഞ്ഞു. അമ്പത് വർഷത്തിലേറെ പഴക്കമുള്ള ദേശപോഷിണി വായനശാല ഒരു വർഷം മുമ്പാണ് പഞ്ചായത്ത് പൊളിച്ചുമാറ്റിയത്. ഡിജിറ്റൽ ലൈബ്രറി പണിയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഈ ഭൂമിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബഡ്സ് സ്കൂൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കി, ടെൻഡർ നടപടി ആരംഭിച്ചു. ഇതിനെതിരെ  റീഡേഴ്‌സ് ഫോറം രൂപീകരിച്ച്‌  പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. ഞായറാഴ്ച വൈകിട്ട് തുടർപരിപാടികളെക്കുറിച്ച് ആലോചിക്കാൻ നാട്ടുകാർ വായനശാലയുടെ സമീപത്തെ മൈതാനത്ത്‌ ഒത്തുചേരും. Read on deshabhimani.com

Related News