സ്ഥാനാർഥി നിർണയം പാളിയെന്ന്‌ ലീഗ്‌ ഉന്നതാധികാര സമിതി



    കോഴിക്കോട്‌  സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിനിടയാക്കിയെന്ന്‌  മുസ്ലിം ലീഗ്‌ ഉന്നതാധികാര സമിതി യോഗത്തിൽ വിലയിരുത്തൽ. നഷ്‌ടപ്പെട്ട  നാല്‌ സിറ്റിങ്‌ സീറ്റുകളിലുൾപ്പെടെ  വലിയ തിരിച്ചടിയുണ്ടായി.  പരാജയം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെയും പാർടി സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സമിതിയുടെയും റിപ്പോർട്ടിലാണ്‌ വീഴ്‌ചകൾ സംബന്ധിച്ച്‌ കണ്ടെത്തൽ. കോഴിക്കോട്‌  സൗത്തിൽ വനിതയെ മത്സരിപ്പിച്ചത്‌ നേതാക്കളുൾപ്പെടെയുള്ളവർക്ക്‌ അംഗീകരിക്കാനായില്ല. പ്രചരണത്തിൽ സജീവമാവാതെ സ്ഥാനാർഥിയെ തോൽപ്പിക്കാൻ പാർടിക്കുള്ളിൽ നീക്കമുണ്ടായി. ഭാരവാഹികളുൾപ്പെടെയുള്ളവർക്കെതിരെ അച്ചടക്ക നടപടി 20ന്‌ ചേരുന്ന പ്രവർത്തക സമിതിക്ക്‌ ശേഷം കൈക്കൊള്ളും.  കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച്‌ മത്സരിച്ചതും കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദന കേസും തിരിച്ചടിക്ക്‌ കാരണമായതായി നേരത്തെ ലീഗ്‌ വിലയിരുത്തിയിരുന്നു. തോറ്റ സ്ഥാനാർഥികളെല്ലാം പരാജയം അന്വേഷിക്കാൻ കത്ത്‌ നൽകിയിട്ടുണ്ട്‌. എന്നാൽ പ്രശ്‌നങ്ങൾ പറഞ്ഞൊതുക്കാനാണ്‌ നേതൃത്വത്തിന്റെ ശ്രമം.   തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിഷയങ്ങൾ പരിഹരിക്കാതിരുന്നത്‌  നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന്‌  ജനറൽ സെക്രട്ടറി പി എംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിയ്‌ക്ക്‌ വിടുന്നതിനെതിരെ സമരപരിപാടികൾ ആവിഷ്‌കരിക്കും.  മുസ്ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം 30ന്‌ ചേരുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News