കടലോളമുണ്ട്‌ പുസ്‌തകങ്ങൾ

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള ഉദ്‌ഘാടനംചെയ്‌ത 
മന്ത്രി എ കെ ശശീന്ദ്രൻ പുസ്തകങ്ങൾ കാണുന്നു


കോഴിക്കോട്‌ വായനയോട്‌ മോഹമുള്ള എല്ലാവർക്കുംവേണ്ടിയാണ്‌ ഈ മേളയുടെ വാതിലുകൾ തുറന്നുവച്ചിരിക്കുന്നത്‌.  വായന ഉള്ളുതൊടുന്ന അനുഭവമാണെന്ന്‌ പുസ്‌തകങ്ങളും മനുഷ്യരും നിറഞ്ഞ ഇ എം എസ്‌ സ്‌റ്റേഡിയം ഗ്രൗണ്ടിലെ  നഗരി നമ്മോടുപറയും.  ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന നാലുദിവസത്തെ പുസ്‌തകോത്സവത്തിൽ കേരളത്തിലെ എഴുപതിലധികം പ്രസാധകരുടെ 120 സ്‌റ്റാളുകളുണ്ട്‌.   വിശ്വസാഹിത്യവും ലോകത്തെ മാറ്റിമറിച്ച പുസ്‌തകങ്ങളും പുതുതലമുറ എഴുത്തുകാരുടെ കനമുള്ള രചനകളുമുണ്ട്‌.  വൈജ്ഞാനിക ഗ്രന്ഥങ്ങൾ, റഫറൻസ്‌ പുസ്‌തകങ്ങൾ, ജീവചരിത്രം, യാത്ര തുടങ്ങിയവ തേടി നൂറുകണക്കിനാളുകളാണ്‌ എത്തുന്നത്‌. ജില്ലയിലെ 560 ഗ്രന്ഥശാലകളുടെ ഒരുകോടി രൂപയുടെ പുസ്‌തക ഗ്രാന്റ്‌ വിനിയോഗവും നടക്കും. ഗ്രന്ഥശാലകൾക്ക്‌ 33 ശതമാനം വിലക്കുറവിൽ പുസ്‌തകങ്ങൾ വാങ്ങാം. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌, കേരള മീഡിയ അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ സർക്കാർ പ്രസാധന സംരംഭങ്ങളും സജീവമാണ്‌.  ഡിസി ബുക്‌സ്‌, കറന്റ്‌‌ ബുക്‌സ്‌, ചിന്ത, ഗ്രീൻ, ഇൻസൈറ്റ്‌, മാതൃഭൂമി, മലയാള മനോരമ, ഒലീവ്‌, പൂർണ, ഹരിതം, പ്രഭാത്‌, സമത തുടങ്ങിയ പ്രമുഖ പ്രസാധകർ മേളയിലുണ്ട്‌. ധാരാളം ചെറുപ്രസാധന സംരംഭങ്ങളും സജീവമാണ്‌.   മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ ദിനേശൻ അധ്യക്ഷനായി.  ലൈബ്രറി കൗൺസിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി മനയത്ത്‌ ചന്ദ്രൻ, എക്‌സിക്യൂട്ടീവ്‌ അംഗം കെ ചന്ദ്രൻ, സി കുഞ്ഞമ്മദ്‌, സി സി ആൻഡ്രൂസ്‌, ജി കെ വത്സല എന്നിവർ സംസാരിച്ചു. മാധ്യമ സംവാദം ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. എ സജീവൻ, പ്രേംചന്ദ്‌, എ ഗംഗാധരൻ നായർ, കെ വി രാജൻ, എം ടി ശിവരാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News