ബിരുദം, ഡിപ്ലോമ 20,000 സീറ്റ്‌ തുടർ പഠനം വഴിമുട്ടില്ല



കോഴിക്കോട്‌ പ്ലസ്‌ടു വിജയിച്ചവർക്ക്‌  സർക്കാർ–-സ്വകാര്യ മേഖലയിലായി  ജില്ലയിൽ ഉപരിപഠനത്തിന്‌ നിരവധി സാധ്യതകൾ.  പരമ്പരാഗത കോഴ്‌സുകൾക്ക്‌ പുറമെ പുതിയ കാലത്തിന്‌ അനുയോജ്യമായ പുത്തൻ കോഴ്‌സുകളും  ബിരുദ–-ഡിപ്ലോമ തലങ്ങളിൽ  പഠിക്കാൻ അവസരമുണ്ട്‌.  കലിക്കറ്റ്‌ സർവകലാശാലക്ക്‌ കീഴിലായി  10 സർക്കാർ കോളേജുകൾ, എട്ട്‌ എയിഡഡ്‌ കോളേജുകൾ, 60 സ്വാശ്രയ കോളേജുകൾ, രണ്ട്‌ സ്വയംഭരണ കോളേജുകൾ എന്നിവിടങ്ങളിലായി  20,000 സീറ്റുകളുണ്ട്‌.   സർക്കാർ –- എയ്‌ഡഡ്‌ കോളേജുകളിലായി 5000ത്തോളം സീറ്റുമുണ്ട്‌.  രണ്ട്‌ സ്വയംഭരണ കോളേജുകളിലും 60 സ്വാശ്രയ കോളേജുകളിലുമായി 14,000 സീറ്റാണുള്ളത്‌.  സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും  അവസരങ്ങളേറെയാണ്‌. വെസ്റ്റ്‌ഹിൽ ഗവ. പോളിടെക്‌നിക്കിൽ ആറ്‌ ട്രേഡുകളിലായി 360 സീറ്റുണ്ട്‌. സിവിൽ എൻജിനിയറിങ് (60), മെക്കാനിക്കൽ എൻജിനിയറിങ് (60), ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ (60),  കെമിക്കൽ എൻജിനിയറിങ് (60),  കംപ്യൂട്ടർ എൻജിനിയറിങ് (60), ടൂൾ ആൻഡ്‌ ഡൈ ടെക്‌നോളജി (60)  എന്നിവയാണ്‌ കോഴ്‌സുകൾ. ഭിന്നശേഷിക്കാർക്കായുള്ള കംപ്യൂട്ടർ അപ്ലിക്കേഷൻ കോഴ്‌സിൽ 15 സീറ്റുണ്ട്‌.  ഗവ. വനിതാ പോളിടെക്‌നിക്കിൽ രണ്ട്‌ ട്രേഡുകളിലായി 120 സീറ്റുണ്ട്‌.  ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ (60), കോമേഴ്‌സ്യൽ പ്രാക്ടീസ്‌ (60) എന്നിങ്ങനെയണ്‌ സീറ്റ്‌.  സർക്കാർ മേഖലയിൽ രണ്ട്‌ ഫാഷൻ ഡിസൈനിങ് ഇൻസ്‌റ്റിറ്റ്യൂട്ടുകളും ജില്ലയിലുണ്ട്‌. വടകര  ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഗവ. വനിതാ പോളിടെക്‌നിക്‌ എന്നിവിടങ്ങളിലാണ്‌ കേന്ദ്രങ്ങൾ.  സർക്കാർ മേഖലയിൽ രണ്ട്‌ വാണിജ്യ കോഴ്‌സുകളും ഉണ്ട്‌. കൊയിലാണ്ടി ഗവ. കോമേഴ്‌സ്യൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌, വടകര കല്ലാച്ചി ഗവ. കോമേഴ്‌സ്യൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിലാണിത്‌.   Read on deshabhimani.com

Related News